Image: x.com/prodelhiprisons
ഏകാന്തത തടവുകാര്‍ക്കും ബന്ധുക്കള്‍ സന്ദര്‍ശിക്കാനെത്താത്ത തടവുകാര്‍ക്കും ‘കൗ തെറാപ്പി’യുമായി ഡൽഹിയിലെ തിഹാർ ജയില്‍. ഇതിനായി ജയിലില്‍ പുതിയ ഗോശാല ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേനയാണ് ഗോശാല ഉദ്ഘാടനം ചെയ്തത്. ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദും ചടങ്ങില്‍ പങ്കെടുത്തു. നിലവിൽ 10 പശുക്കളാണ് ഗോശാലയിലുള്ളത്. ഇത് തടവുകാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദയ വളര്‍ത്തുന്നതിലും സഹായിക്കുമെന്ന് തിഹാർ അധികൃതർ പറയുന്നു.
‘ഞങ്ങളുടെ ചില തടവുകാരെ ആരും സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യാറില്ല. പലയിടത്തും ഇതിനകം ഈ രീതി പരീക്ഷിക്കുന്നുണ്ട്. അതിനാൽ, ഇവിടെയും അത് പരീക്ഷിക്കാമെന്ന് ഞാൻ കരുതി’ തിഹാര്‍ ജയിൽ ഡയറക്ടർ ജനറൽ എസ്.ബി.കെ.സിങ് പറഞ്ഞു. ശാസ്ത്രീയ സമീപനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമമാണിതെന്ന് ആഭ്യന്തര മന്ത്രി ആശിഷ് സൂദും വ്യക്തമാക്കി. അച്ചടക്കമുള്ള തടവുകാര്‍ക്ക് ജയിലിൽ ഈ സംരംഭം പ്രയോജനപ്പെടുത്താൻ കഴിയും. ഏകാന്തത ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മനഃശാസ്ത്രപരമായ രീതിയാണിത് അദ്ദേഹം പറയുന്നു.
‘ഈ വർഷം ജനുവരി 1 നും 19 നും ഇടയിൽ മാത്രം വഴിതെറ്റിയതും ഉപേക്ഷിക്കപ്പെട്ടതുമായ കന്നുകാലികളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് 25,000 പരാതികൾ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നിലവിലുള്ള ഗോശാലകൾക്ക് 19,800 മൃഗങ്ങളെ പാർപ്പിക്കാൻ ശേഷിയുണ്ട്. 21,800 ൽ അധികം എണ്ണം ഇതിനകം ഷെൽട്ടറുകളിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ തിഹാർ ജയിലിലെ പുതിയ സംരംഭം ഇതില്‍ പത്ത് പശുക്കള്‍ക്ക് അഭയകേന്ദ്രമായി മാറും. ഇത് ഒരു ചെറിയ തുടക്കമായി തോന്നാമെങ്കിലും ഒരു ദർശനാത്മക ചുവടുവയ്പ്പാണ്’ ആശിഷ് സൂദ് പറയുന്നു.
കൂടാതെ തിഹാറിലെ തടവുകാർക്ക് ഉപജീവനമാർഗം കണ്ടെത്താനും അവരെ കുടുംബം പുലർത്താനും ഈ ഗോശാല പ്രാപ്തമാക്കുമെന്നും ജയിലിലെ പശുത്തൊഴുത്തിൽ നിന്നുള്ള നെയ്യ്, മോര് തുടങ്ങിയവ വിൽക്കാൻ പദ്ധതിയിടുന്നതായും അധികൃതര്‍ അറിയിച്ചു. 2018 ൽ, ഹരിയാനയിലെ ചില ജയിലുകളിൽ ഗോശാല നിര്‍മ്മിക്കുകയും പശുക്കളെ പരിപാലിക്കുന്നതിനായി തടവുകാരെ നിയോഗിക്കുകയും ചെയ്തിരുന്നു.