ഹരിയാനയിലെ നൂഹിൽ വിവാഹാഘോഷങ്ങള്‍ക്കിടെ നർത്തകിക്കും സംഘത്തിനും മര്‍ദനം. വേദിയിൽ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ച അതിഥിയെ നര്‍ത്തകി അടിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നവംബർ 16 ന് പച്ച്ഗാവ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി തന്റെ വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കായാണ് വരന്‍ നര്‍ത്തക സംഘത്തെ എത്തിച്ചത്. വേദിയിൽ യുവതി നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ വരന്റെ ബന്ധു അടുത്തേക്ക് വരികയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി വേദിയിൽ വച്ചുതന്നെ ഇയാളെ അടിക്കുകയായിരുന്നു.
പിന്നാലെ വന്‍സംഘര്‍ഷമുണ്ടാകുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പുരുഷന്മാർ വേദിയിലേക്ക് കയറി കലാകാരന്മാരെ വളഞ്ഞിട്ടാക്രമിക്കാന്‍ തുടങ്ങി. നർത്തകിയെ നിലത്തേക്ക് തള്ളിയിടുകയും വടികൊണ്ട് ആവർത്തിച്ച് അടിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായ വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഗ്രാമവാസികൾ ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയത്. നര്‍ത്തകിയും സംഘവും ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.