lady-crying-ai

TOPICS COVERED

ബംഗാളിലെ ജൽപായ്ഗുരി ജില്ലയില്‍ ഭർത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവതിയെ ക്രൂരമായി ആക്രമിച്ചെന്ന് പരാതി. തന്‍റെ മുന്‍ കാമുകി സമൂഹമാധ്യമത്തില്‍ പങ്കിട്ട പോസ്റ്റിന് താഴെ ഭര്‍ത്താവ് ഹൃദയ ചിഹ്നമുള്ള ഇമോജി കമന്‍റായി പോസ്റ്റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനമെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ധുപ്ഗുരി സ്വദേശിനി റുബീനയാണ് പരാതിക്കാരി. 

ഭര്‍ത്താവ് ഷാജഹാന്‍റെ ഫോണ്‍ തുറന്നപ്പോള്‍ മുൻ കാമുകി അപ്‌ലോഡ് ചെയ്ത ഒരു ചിത്രത്തിന് അദ്ദേഹം ഹൃദയ ചിഹ്നം ഉപയോഗിച്ച് പ്രതികരിച്ചതായി കണ്ടതായി റുബീന പറയുന്നു. ഒരു വർഷം മുമ്പ് അവർ വിവാഹിതരായപ്പോൾ തന്നെ മുൻ കാമുകിയെ തനിക്ക് അറിയാമായിരുന്നുവെന്നും റുബീന പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്‍റെ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരും പതിവായി ചാറ്റ് ചെയ്യാറുണ്ടെന്നും റുബീന കണ്ടെത്തി. അനുചിതമായ സന്ദേശങ്ങൾ പോലും ചാറ്റുകളില്‍ ഉണ്ടായിരുന്നതായി റുബീന പറഞ്ഞു. തുടര്‍ന്ന് ഷാജഹാനെ ചോദ്യം ചെയ്യുകയായിരുന്നു.

പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുയും അത് കയ്യാങ്കളിയിലെത്തുകയും ചെയ്തു. ഷാജഹാനും കുടുംബവും ആക്രമിക്കാന്‍ തുടങ്ങിയതോടെ സഹായത്തിനായി സമീപത്ത് താമസിക്കുന്ന തന്‍റെ സഹോദരി ബ്യൂട്ടി പർവീണിനെയും റുബീന വിളിച്ചു. തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ തന്നെയും ഷാജഹാനും കുടുംബവും ആക്രമിച്ചതായും ബ്യൂട്ടി പറഞ്ഞു. ഷാജഹാന്‍റെ സഹോദരി റബേയ, ബക്കറ്റും ചട്ടുകവും കൊണ്ട് അടിച്ചതായും ഇവര്‍ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും തറയിൽ വീണുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ഷാജഹാന്റെ അമ്മയ്ക്കും സംഘർഷത്തിൽ പരുക്കേറ്റതായി പൊലീസ് പറഞ്ഞു. അയല്‍വാസികളാണ് ബ്യൂട്ടിയെയും റുബീനയെയും ധൂപ്ഗുരി സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞയുടനെ പൊലീസുമെത്തി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLISH SUMMARY:

Rubina, a resident of Dhupguri in Jalpaiguri district, West Bengal, has filed a complaint alleging that her husband, Shahjahan, and his family brutally assaulted her after she questioned him for reacting with a heart emoji to a social media post by his ex-girlfriend. Rubina also discovered regular and inappropriate chats between the two, which led to an argument that turned physical. Rubina's sister, Beauty Parveen, who intervened, was also allegedly attacked, sustaining a serious head injury. Police have received the complaint and started an investigation, noting that Shahjahan's mother was also injured in the conflict.