ഗുജറാത്തില്‍ ആംബുലൻസിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും ഉള്‍പ്പെടെ നാലുപേര്‍ വെന്തുമരിച്ചു. ആരോഗ്യ പ്രശ്നങ്ങളുമായി ജനിച്ച ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മൊദാസയിലെ ആശുപത്രിയിൽ നിന്ന് കൂടുതൽ ചികില്‍സയ്ക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കുട്ടിയുടെ പിതാവ് ജിഗ്നേഷ് മോച്ചി (38), അഹമ്മദാബാദിൽ നിന്നുള്ള ഡോക്ടർ ശാന്തിലാൽ റെന്റിയ (30), അർവല്ലി സ്വദേശിയായ നഴ്‌സ് ഭൂരിബെൻ മനാത്ത് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ അർവല്ലി ജില്ലയില്‍ മൊദാസ- ധൻസുര റോഡിലാണ് ദാരുണമായ അപകടം ഉണ്ടായത്. കുട്ടിയുടെ പിതാവിന്‍റെ രണ്ട് ബന്ധുക്കള്‍ക്കും ആംബുലൻസ് ഡ്രൈവര്‍ക്കും പൊള്ളലേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർ അങ്കിത് താക്കൂർ, ജിഗ്നേഷ് മോച്ചിയുടെ ബന്ധുക്കളായ ഗൗരംഗ് മോച്ചി, ഗീതാബെൻ മോച്ചി എന്നിവരാണ് പൊള്ളലേറ്റ് ചികില്‍സയിലുള്ളത്. ആംബുലന്‍സിന് തീപിടിച്ചതിന്‍റെ കാരണം വ്യക്തമല്ല.
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ആംബുലൻസിന്‍റെ പിൻഭാഗത്ത് തീപിടിച്ചതായി കാണാം. ഇത് കണ്ട ഡ്രൈവർ പെട്രോൾ പമ്പിന് സമീപത്തുവച്ച് ആംബുലൻസിന്‍റെ വേഗത കുറയ്ക്കുന്നുണ്ട്. പരിക്കുകളുമായി രക്ഷപ്പെട്ട മൂന്നുപേരും മുൻ സീറ്റിലാണിരിന്നുത്. എന്നാൽ വാഹനത്തിന്‍റെ പിൻ സീറ്റിലായിരുന്ന കുഞ്ഞും അച്ഛനും, ഡോക്ടർ, നഴ്‌സ് എന്നിവരും വെന്തുമരിച്ചു.
ആംബുലന്‍സിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും നാല് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനും ഫോറൻസിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം രംഗത്തുണ്ട്.