എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ചെങ്കോട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മെട്രോ നഗരങ്ങള്‍ അതീവ സുരക്ഷയിലാണ്. ബെംഗളുരു, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളെല്ലാം പൊലീസിന്റെയും സുരക്ഷാ സേനയുടെയും സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. ഈ സുരക്ഷക്കിടയില്‍ ബെംഗളുരുവില്‍ നടന്ന സംഭവമാണ് ഒരു നിമിഷത്തേക്ക് ജനങ്ങളെയും പൊലീസിനെയും ഒന്നാകെ പരിഭ്രാന്തിയിലാഴ്ത്തിയത്.
ആനേക്കലിലെ ഒരു സ്വകാര്യ സ്‌കൂളിലെ ആൺകുട്ടികളുടെ ശുചിമുറിയില്‍ ചൊവ്വാഴ്ച രാവിലെ ഒരു ‘സ്‌ഫോടനം’ നടന്നു. ന്യൂഡൽഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെത്തുടർന്നുണ്ടായ ആശങ്കകൾ തുടരവേയുണ്ടായ പൊട്ടിത്തെറി വിദ്യാർഥികളെയും ജീവനക്കാരെയും മാത്രമല്ല സമീപ പ്രദേശത്തെ ആളുകളെയും പരിഭ്രാന്തിയിലാഴ്ത്തി. ബിംഗിപുരയിലെ ബ്രെയിനി സ്റ്റാർസ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം. കുട്ടികളും അധ്യാപകരും ഭയന്ന് ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഓടിയതോടെ സ്കൂളില്‍ ആകെ ബഹളമായി.
സംഭവമറിഞ്ഞതിന് പിന്നാലെ ‘സ്ഫോടന’ത്തിന്‍റെ കാരണം അന്വേഷിക്കാൻ പൊലീസും രംഗത്തെത്തി. എന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയതാകട്ടെ ചിതറിക്കിടക്കുന്ന പടക്കങ്ങളുടെ അവശിഷ്ടങ്ങളും. ശുചിമുറിയില്‍ ആരോ പടക്കം പൊട്ടിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ ‘അപകടകരമായ തമാശ’യായിരുന്നു ഇത്. സംഭവത്തില്‍ പടക്കം പൊട്ടിച്ച വിദ്യാർഥികളെ സ്കൂൾ മാനേജ്‌മെന്‍റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആർക്കും പരിക്കുകളുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി എടുക്കുകയും നിലവിലെ സാഹചര്യങ്ങളില്‍ ഇത്തരം അപകടകരമായ തമാശകൾക്കെതിരെ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട വിദ്യാർഥികൾക്ക് കൗൺസിലിങ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ സുരക്ഷയും അച്ചടക്ക നടപടികളും ശക്തമാക്കാന്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.