റോഡിലെ ഏറ്റവും തെമ്മാടികളുടെ വാഹനം ഥാറും ബുള്ളറ്റുമെന്ന് ഹരിയാന ഡിജിപി ഒ.പി സിങ്. ഏറ്റവും മോശമായി ഡ്രൈവ് ചെയ്യുന്നവര്‍ ഈ വാഹനങ്ങള്‍ ഓടിക്കുന്ന കൂട്ടരാണെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്നും ഥാറുകളും ബുള്ളറ്റുകളും എപ്പോഴും ചെക്ക് ചെയ്ത് വിടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി സൂചിപ്പിച്ചു. പൊതുജനവുമായി നടത്തിയ ചോദ്യോത്തരവേളയിലാണ് ഡിജിപി തന്‍റെ നിലപാട് തുറന്നടിച്ചത്.
ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ക്ക് മോശം സ്വഭാവമാണെന്നും ഇത്തരക്കാര്‍ റോഡുകളില്‍ ശല്യമാണെന്നും ഡിജിപി പറഞ്ഞു. സേനയിലെ ഒരു അസി. കമ്മിഷണറുടെ മകന്‍ ഓടിച്ച ഥാറിടിച്ച് ഒരാള്‍ മരിച്ചെന്നും നിയമത്തിന് വിട്ടുകൊടുക്കാതെ അയാളെ രക്ഷപ്പെടുത്താന്‍ ചരടുവലികള്‍ നടന്നെന്നും ഡിജിപി പറഞ്ഞു. ഥാര്‍ ഉപയോഗിക്കുന്നവര്‍ തെമ്മാടികളാണ് എന്നതിന് ഇത് തെളിവാണെന്നും ഡിജിപി പറഞ്ഞു.
വിലകൂടിയ കാറുകളും സൂപ്പര്‍ബൈക്ക് ഉപയോഗിക്കുന്നവരും അലക്ഷ്യമായി വാഹനമോടിക്കുന്നവരാണ്, ഇവരും തങ്ങളുടെ നിരീക്ഷണവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
എന്നാല്‍ 2024ലെ ഒരു സ്വകാര്യ കണക്ക് പ്രകാരം ഥാറല്ല രാജ്യത്ത് ഏറ്റവും അപകടമുണ്ടാക്കുന്ന കാര്‍. ഹ്യുണ്ടായ് ഐ10 ആണ്. സുസൂക്കി സ്വിഫ്റ്റ്, ബലേനോ, ഹ്യുണ്ടായി ഐ20, സുസൂക്കി ഡിസയര്‍ എന്നിവയാണ് രാജ്യത്ത് ഏറ്റവും അപകടമുണ്ടാകുന്ന മറ്റ് വാഹനങ്ങള്‍. ബൈക്കുകളുടെ കാര്യത്തില്‍ ഇതില്‍ വ്യക്തതയില്ല. എന്നിരുന്നാലും ഡിജിപിയുടെ പരാമര്‍ശം ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ മോശമായി ചിത്രീകരിക്കാന്‍ കാരണമായേക്കാം എന്നും വിമര്‍ശനമുണ്ട്.