TOPICS COVERED

വെറും അഞ്ഞൂറ് രൂപയ്ക്കു വേണ്ടി നാലുപേരടങ്ങുന്ന സംഘം തൊഴിലാളിയോട് ചെയ്തത് മനസാക്ഷി മരവിക്കുന്ന ക്രൂരത.  500 രൂപ കൈക്കലാക്കിയ ശേഷം കവര്‍ച്ചാസംഘം ഇയാളുടെ കാല്‍ റെയില്‍വേ ട്രാക്കില്‍ പിടിച്ചുവച്ചതായും ട്രെയിന്‍ കയറിയിറങ്ങി ഇടതുകാല്‍ നഷ്ടപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബുധനാഴ്ചയാണ് സംഭവം. പാൽഡുന സ്വദേശിയായ ലഖയ്ക്കാണ് ഈ ദാരുണാനുഭവം ഉണ്ടായത്. 

മണിക്കൂറുകള്‍ക്കു ശേഷം ചോരവാര്‍ന്ന നിലയില്‍ ഇയാളെ പൊലീസ് കണ്ടെത്തി ആശുപത്രിയിലാക്കിയെങ്കിലും അറ്റുപോയ കാല്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് ലഖ ആരോപിക്കുന്നു. 12 മണിക്കൂറിനുശേഷം കാൽ കണ്ടെത്തിയെങ്കിലും, അപ്പോഴേക്കും ശസ്ത്രക്രിയ നടത്താൻ കഴിയാത്ത വിധം സമയം വൈകിയിരുന്നു. 

കാല്‍ അറ്റുപോയതോടെ പാതിബോധം നഷ്ടമായ ലഖയെ മണിക്കൂറുകള്‍ കഴിഞ്ഞാണ് റെയില്‍വേ പൊലീസ് കണ്ടെത്തിയത്. ആ സമയം  തന്റെ കാല്‍കൂടിയെടുക്കാന്‍ പൊലീസിനോട് കെഞ്ചിക്കരഞ്ഞാവശ്യപ്പെട്ടെന്നും അവര്‍ കൂട്ടാക്കിയില്ലെന്നും കാലുകള്‍ നഷ്ടപ്പെടാന്‍ ഇതാണ് കാരണമായതെന്നും ലഖ പറയുന്നു. 

അടുത്ത ദിവസം രാവിലെയാണ് ഉദ്യോഗസ്ഥരെ ട്രാക്കിനരികിൽ തന്റെ കാൽ ഉണ്ടെന്ന് പറഞ്ഞുധരിപ്പിക്കാന്‍ ലഖയ്ക്കു സാധിച്ചത്. പിന്നാലെ സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും 12 മണിക്കൂറിലധികം കഴിഞ്ഞിരുന്നു, കാൽ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ചിരുന്നു. ഉജ്ജയിനിലെ ചരക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തന്റെ അനുഭവം ഇയാള്‍ വിവരിക്കുന്നു.

‘താന്‍ റെയില്‍വേ സ്റ്റേഷനടുത്ത് ജോലി ചെയ്യുകയാണ്. രാത്രി 8 മണിയോടെ ഭക്ഷണം വാങ്ങി ദേവാസ് ഗേറ്റിലേക്ക് മടങ്ങുകയായിരുന്നു . അപ്പോൾ നാലുപേർ തടഞ്ഞുനിർത്തി മർദ്ദിക്കുകയും 500 രൂപ കൊള്ളയടിക്കുകയും ചെയ്തു. കണ്ണ് തുറന്നപ്പോൾ ഒരു കാൽ അറ്റുപോയിരുന്നു, മറ്റേ കാലിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. നിലവിളിച്ചെങ്കിലും ആരും വന്നില്ല.  രണ്ടു മണിക്കൂറിന് ശേഷം പോലീസെത്തി ആംബുലൻസിൽ കയറ്റി. എന്റെ കാലെടുക്കാന്‍ അവരോട് കെഞ്ചി, പക്ഷേ അവർ കേട്ടില്ല’–ലഖ പറയുന്നു. 

അതേസമയം കുറ്റകരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നുണ്ട്. എന്നാല്‍ പൊലീസിനെതിരെ തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കാമെന്നാണ് പോലീസ് സൂപ്രണ്ട് പത്മവിലോചൻ ശുക്ല േദശീയ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. കൊള്ളസംഘത്തിനായുള്ള തിരച്ചിലും ഊര്‍ജിതമാക്കി. 

ENGLISH SUMMARY:

Ujjain Crime: A horrific incident occurred where a worker lost his leg after being robbed. Police negligence is alleged as the victim claims they didn't retrieve his severed limb in time for reattachment surgery.