ഇന്ത്യന്‍ ഇനം സ്നിഫര്‍ ഡോഗ് ഡിപ്സിക്ക് അഭിനന്ദന പ്രവാഹം. ഡിപ്സിയെ പ്രോത്സാഹിപ്പിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനമായിരുന്നു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (CRPF) ഇന്ത്യൻ ഇനത്തിൽപ്പെട്ട നായയാണ് ഡിപ്സി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ ഡിപ്സിയെക്കുറിച്ച് പരാമര്‍ശിച്ചതോടെയാണ് ഈ ഇനത്തിനു വലിയ കയ്യടി ലഭിക്കുന്നത്.
തെലങ്കാന അതിർത്തിക്ക് സമീപം ബിജാപ്പൂർ ജില്ലയിലെ നിബിഡ വനങ്ങളിൽ 228 ആം ബറ്റാലിയന്റെ ഭാഗമാണ് ഈ സ്‌നിഫർ ഡോഗ്. നക്സൽ ബാധിത മേഖലകളിൽ ഐഇഡി ബോംബുകൾ കണ്ടെത്തി രണ്ട് തവണ സൈനികരുടെ ജീവൻ രക്ഷിച്ചാണ് ഡിപ്സി ബറ്റാലിയന്റെ ഹീറോയായി മാറിയത്. ഐഇഡി കണ്ടെത്താനുള്ള ഡിപ്സിയുടെ കഴിവിനെക്കുറിച്ച് വലിയ അഭിപ്രായമാണ് സൈനിക ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്.
ഇന്ത്യന്‍ ഇനങ്ങള്‍ക്ക് ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കാനുള്ള കഴിവുണ്ടെന്നും അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലും വളരെ കാര്യക്ഷമമായി തന്നെ ഇവയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും സിആർപിഎഫിന്റെ 228-ാം ബറ്റാലിയൻ കമാൻഡന്റ് ലത്തീഫ് സാഹു അഭിപ്രായപ്പെട്ടു. ഈ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ് മോദി ഈ ഇനത്തെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവും അസാധാരണമായ സഹനശക്തിയും ഉദ്യോഗസ്ഥര്‍ എടുത്തുപറയുന്നു.
രണ്ട് തവണ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) കണ്ടെത്തി സിആർപിഎഫ് ജവാന്മാരുടെ ജീവൻ രക്ഷിച്ചതിലൂടെയാണ് ഈ നായയ്ക്ക് ബറ്റാലിന്റെ നായകൻ എന്ന പദവി ലഭിച്ചത്. പ്രധാനമന്ത്രി മോദി മന്‍ കി ബാതില്‍ ഡിപ്സിയുടെ നേട്ടങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞു. ദീര്‍ഘദൂരം സഞ്ചരിച്ചാല്‍ പോലും ക്ഷീണമേല്‍ക്കാത്ത ഇനമാണ് ഇവ. ഈ ഇനത്തിൽപ്പെട്ട നായയ്ക്ക് പ്രത്യേക ഭക്ഷണക്രമവും ആവശ്യമില്ല. അടുത്തിടെ നടന്ന ഒരു ഓപ്പറേഷനിടെ റോളോ എന്ന നായ വീരമൃത്യു വരിച്ചിരുന്നു. ആ നായയുടെ ഓർമയ്ക്കായി യൂണിറ്റ് ആസ്ഥാനത്തെ ഒരു ഹാൾ റോളോയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. 2026 മാർച്ച് 31-നകം ഛത്തീസ്ഗഢിൽ സായുധ നക്സലിസം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.