ഹൈദരാബാദില്‍ മെറ്റല്‍ നിറച്ച ലോറിയും ബസും കൂട്ടിയിടിച്ച് 24 പേര്‍ക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്ക്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ്- ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിലേക്കാണ് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന നിർമ്മാണ സാമഗ്രികൾ നിറച്ച ലോറി ഇടിച്ചുകയറിയത്.
ബസില്‍ 70 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന മെറ്റല്‍ ബസിലേക്ക് വീണു. യാത്രക്കാർ അതിനടിയിലായി. മെറ്റലില്‍ കുടുങ്ങി അനങ്ങാനാകാതെ സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്കരമാക്കി.
മരിച്ചവരില്‍ പത്തുപേര്‍ സ്ത്രീകളാണ്. 10 മാസം പ്രായമുള്ള കുഞ്ഞിനും ജീവന്‍ നഷ്ടപ്പെട്ടു. ഇരുവാഹനങ്ങളിലെയും ഡ്രൈവറും യാത്രക്കാരും മരിച്ചു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ക്കും പിന്നില്‍ ആറ് നിരകളിലായിരുന്ന യാത്രക്കാര്‍ക്കുമാണ് അപകടത്തിന്‍റെ ആഘാതം കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വന്നത്. മിക്ക യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ALSO READ: നിർത്തിയിട്ടിരുന്ന ട്രക്കിൽ തീര്‍ഥാടക സംഘത്തിന്‍റെ ട്രാവലർ ഇടിച്ചു കയറി; 15 മരണം ...
അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ഗതാഗത മന്ത്രി പൊന്നം പ്രഭാകർ അന്വേഷണത്തിന് ഉത്തരവിടിട്ടുണ്ട്. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വൈ നാഗിറെഡ്ഡിയുമായി സംസാരിച്ച മന്ത്രി പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടറോട് നിര്‍ദേശിക്കുകയും ചെയ്തു.