ഡൽഹി ഗംഗ റാം ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽ നിന്നും ഡോക്ടർമാർ ഇറങ്ങിവന്നത് ചരിത്രത്തിൽ രേഖപ്പെടുത്തി കൊണ്ടായിരുന്നു. മണിക്കൂറുകൾ എടുത്ത് ഡോക്ടർമാർ പൂർത്തിയാക്കിയത് അസാധാരണമായ ശസ്ത്രക്രിയ. ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് 20 വയസ്സുകാരൻ ആശുപത്രിയിലെത്തിയത് മരണത്തോട് മല്ലിട്ട്. മോശം അവസ്ഥയിലായതിനാൽ ഇടതുകയ്യുടെ തള്ളവിരലും ഇടതുകാലിന്റെ കാൽമുട്ടിന് താഴെയും മുറിച്ചു മാറ്റേണ്ടിവന്നു. യുവാവിൻറെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടർമാർ അസാധാരണമായ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തു.
മുറിച്ചു മാറ്റേണ്ടി വന്ന ശരീരഭാഗങ്ങൾ ഏതെങ്കിലും തരത്തിൽ പുനസ്ഥാപിക്കാനാകുമോ എന്നതായിരുന്നു ഡോക്ടർമാർ ആദ്യം പരിശോധിച്ചത്. സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതോടെ മറ്റ് വഴികൾ തേടി. അങ്ങനെ ഇടതുകൈയുടെ തള്ളവിരൽ പുനഃസ്ഥാപിക്കാനാകുമോ എന്ന പരീക്ഷണത്തിലേക്ക് കടന്നു. മുറിച്ചുമാറ്റിയ ഇടതുകാലിലെ രണ്ടാമത്തെ വിരൽ കയ്യിലെ തള്ളവിരലിന്റെ സ്ഥാനത്ത് അനുയോജ്യമാണെന്ന് കണ്ടെത്തി. അങ്ങിനെ കാൽവിരൽ കയ്യിലെ തള്ളവിരൽ ആക്കി മാറ്റുന്ന അപൂർവമായ ശസ്ത്രക്രിയ നടന്നു. കൈവിരലിന്റെ പ്രവർത്തനം വീണ്ടെടുത്തതായും സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി അറിയിച്ചു