Image credit: x/ShoneeKapoor
കൈക്കുഞ്ഞുമൊത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പഴ്സ് നഷ്ടമായ യുവതി എസി കോച്ചിന്‍റെ വിന്‍ഡോ ഗ്ലാസ് തല്ലിത്തകര്‍ത്തു. ഇന്‍ഡോറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ പഴ്സ് മോഷണം പോയത്. റെയില്‍വേ അധികൃതരോടും ആര്‍പിഎഫിനോടും യുവതി പരാതിപ്പെട്ടെങ്കിലും ട്രെയിന്‍ ഡല്‍ഹിയെത്തുന്നത് വരെ ക്ഷമിക്കൂവെന്നായിരുന്നു മറുപടി. ഇതില്‍ കുപിതയായതോടെയാണ് യുവതി പ്ലാസ്റ്റിക് ബോര്‍ഡ് കൊണ്ട് കോച്ചിലെ ചില്ല് അടിച്ച് പൊട്ടിക്കാന്‍ തുടങ്ങിയത്.
നിയന്ത്രണം വിട്ടു പെരുമാറാന്‍ തുടങ്ങിയ യുവതിയെ ആശ്വസിപ്പിക്കാന്‍ കോച്ചിലുണ്ടായിരുന്നവര്‍ ശ്രമിച്ചുവെങ്കിലും യുവതി ശാന്തയായില്ല. ചില്ലുകള്‍ സീറ്റിലാകെ ചിന്നിത്തെറിച്ച് കിടക്കുന്നതും നിസ്സഹായതയോടെ കുഞ്ഞ് യുവതിയെ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് പലരും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ യുവതി പൊതുമുതല്‍ നശിപ്പിക്കുകയാണെന്ന് കമന്‍റ് ചെയ്തിരിക്കുന്നവരും കുറവല്ല. യുവതി കടുത്ത നിരാശയിലായിട്ടുണ്ടാകുമെന്നും ആരെങ്കിലും കുഞ്ഞിനെയെങ്കിലുമെടുത്ത് ആശ്വസിപ്പിക്കൂവെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റെയില്‍വേ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രെയിനിലെ വസ്തുവകകള്‍ കേടുവരുത്തിയത് യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തോ എന്നും വ്യക്തമല്ല.