Image credit:X/nabilajamal_

TOPICS COVERED

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തി അടികൂടുന്ന ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നാഗ്പുറില്‍ വച്ച് നടന്ന ചടങ്ങിനിടെയാണ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍ തമ്മിലുള്ള പോര് കയ്യാങ്കളിയോളം എത്തിയത്. 

സ്ഥലംമാറ്റത്തെ ചൊല്ലിയാണ് നാഗ്പുര്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ശോഭ മദ്ദലെയും നവി മുംബൈ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുചിത ജോഷിയുമായി തെറ്റിയത്. നാഗ്പുര്‍ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്റ്റംബര്‍ എട്ടിനാണ് കര്‍ണാടകയിലെ ഘര്‍വാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാല്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയ ശോഭ തിരികെയെത്തി നാഗ്പുറിലെ പദവിയില്‍ തുടര്‍ന്നു. ഇതോടെയാണ് പോര് രൂക്ഷമായത്.

ഗഡ്കരി നോക്കിയിരിക്കെ അടുത്തടുത്ത ഇരിപ്പിടത്തില്‍ ഇരിക്കുന്ന സുചിതയും ശോഭയും പരസ്പരം പിച്ചുന്നതും ഇതോടെ ഒരാളുടെ കയ്യിലെ വെള്ളം മറിഞ്ഞ് സീറ്റില്‍ വീഴുന്നതും വിഡിയോയില്‍ കാണാം. നിമിഷങ്ങള്‍ കഴിഞ്ഞതോടെ കൈമുട്ട് കൊണ്ട് വീണ്ടും തട്ടുകയും എഴുന്നേറ്റ് മാറിയിരിക്കാന്‍ സുചിതയോട് ശോഭ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പൊതുവിടത്തില്‍ പോസ്റ്റല്‍ വകുപ്പിനെ നാണംകെടുത്തുകയാണ് ഇരുവരും ചെയ്തതെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ വൈകരുതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കുറിക്കുന്നത്. 

ENGLISH SUMMARY:

Government officials fight refers to a public altercation between two female Postmaster Generals in Nagpur during an event attended by Nitin Gadkari. The dispute reportedly stemmed from a transfer issue, leading to the embarrassing situation captured in a viral video.