കാളിപൂജ പന്തലില്‍ പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിലാണ് സംഭവം. 30കാരനായ സന്താൻ നസ്കർ ആണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് സംഭവം.
കാളിപൂജയ്ക്കിടെ ഉച്ചത്തില്‍ പാട്ടുവച്ചതിനെത്തുടര്‍ന്ന് അയല്‍വാസിയായ വയോധികന് അസ്വാസ്ഥ്യം തോന്നുകയും പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖമുള്ള വയോധികന്റെ ആവശ്യത്തെത്തുടര്‍ന്ന് സമീപവാസിയായ യുവാവ് പന്തലിലെ സൗണ്ട് സിസ്റ്റം നിര്‍ത്തിവച്ചു.
ഇതിനു പിന്നാലെ വീട്ടിലേക്ക് മടങ്ങിയ നസ്കറിനെ പിന്തുടര്‍ന്നെത്തിയ അയല്‍ക്കാരായ ദമ്പതികള്‍ ഇയാളെ ചോദ്യം ചെയ്തു. പന്തലിൽ എന്തിനാണ് പാട്ട് നിര്‍ത്തിവച്ചതെന്നു ചോദിച്ചു തര്‍ക്കമായി. തര്‍ക്കത്തിനിടെ നസ്കറിന്റെ അമ്മയെ ദമ്പതികള്‍ ആക്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെ ഇവരിലൊരാള്‍ നസ്കറിനെ പലതവണ ആഞ്ഞുകുത്തുകയായിരുന്നു. പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ നസ്കറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.