അനധികൃത പശുക്കടത്ത് ആരോപിച്ച് ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരില്‍ ലോറിക്ക് നേരെ പൊലീസ് വെടിവെയ്പ്പ്. ഈശ്വരമംഗലത്തിന് സമീപമാണ് സംഭവം. വാഹനം നിര്‍ത്താന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഓടിച്ചുപോയതിന് പിന്നാലെയാണ് പുത്തൂര്‍ റൂറല്‍ പൊലീസ് ലോറിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്ക് കാലിന് പരുക്കേറ്റു. ഇയാളെ മംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
10 പശുക്കളെയാണ് അബ്ദുള്ള കടത്തിയതെന്ന് പൊലീസ് ആരോപിക്കുന്നത്. ഇയാള്‍ സ്ഥിരം കന്നുകാലി കടത്ത് നടത്തുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിനെ കണ്ടതോടെ ലോറി പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയതായും പൊലീസ് വിശദീകരിച്ചു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ലോറി തടയാന്‍ ശ്രമിച്ചത്. എന്നാല്‍ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന സഹായിയും വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. 10 കിലോ മീറ്റര്‍ പിന്തുടര്‍ന്ന ശേഷം ലോറിക്ക് കുറുകെയിട്ട് തടയാന്‍ ശ്രമിച്ചെങ്കിലും അബ്ദുള്ള പൊലീസ് വാഹനത്തില്‍ ഇടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ലോറി ഡ്രൈവര്‍ കത്തി കാണിച്ച് പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവെച്ചതെന്ന് ദക്ഷിണകന്നട എസ്പി കെ അരുണ്‍ പറഞ്ഞു. കൊലപാതക ശ്രമം കൂടിചേര്‍ത്താണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. സുള്ള്യ താലൂക്കിലെ ബെല്ലാരെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പശുക്കടത്ത് കേസിലും അബ്ദുള്ള പ്രതിയാണ്.