Image Credit: PTI
കര്‍ണാടക സര്‍ക്കാരിന്‍റെ ജാതി സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാംഗം സുധാ മൂര്‍ത്തി. താനും ഭര്‍ത്താവും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയും ഉള്‍പ്പെട്ട കുടുംബം പിന്നാക്ക ജാതിയില്‍പ്പെടുന്നതല്ലെന്ന് വ്യക്തമാക്കിയാണ് സര്‍വേയില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുമെന്ന് അവര്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹിക–വിദ്യാഭ്യാസ സര്‍വേയാണ് ജാതി സര്‍വേയെന്ന് അറിയപ്പെടുന്നത്.
സര്‍വേയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിഞ്ഞ് നില്‍ക്കുന്നുവെന്നും അവര്‍ സാക്ഷ്യപത്രവും നല്‍കി. സുധാ മൂര്‍ത്തിയുടെ നിലപാട് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ' പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ആളുകള്‍ സ്വയം തയ്യാറാവേണ്ടതാണെന്നുമായിരുന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്‍റെ പ്രതികരണം.
ജാതി സര്‍വേ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ താല്‍പര്യമുണ്ടെങ്കില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് സെപ്റ്റംബര്‍ 25ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍വേ നിര്‍ബന്ധിതമായി പങ്കെടുക്കേണ്ട ഒന്നല്ലെന്നും വ്യക്തിവിവരങ്ങളടക്കം പരസ്യപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും പരസ്യപ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സര്‍വേയില്‍ വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സംരക്ഷിക്കുമെന്നും കര്‍ണാടക സ്റ്റേറ്റ് കമ്മിഷന്‍ ഫോര്‍ ബാക്വേര്‍ഡ് കമ്മിഷന്‍ പരസ്യപ്പെടുത്തുകയും ചെയ്തു. സര്‍വേ ഹാന്‍ഡ് ബുക്കിലെ 'ജാതിപ്പേരുകള്‍' അടക്കമുള്ള വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ക്ക് വിവരശേഖരണം എളുപ്പമാക്കുന്നതിനായി ചേര്‍ത്തിരിക്കുന്നതാണെന്നും ഇതിന് നിയമപരമായ അംഗീകാരം ഇല്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 22നാണ് കര്‍ണാടകയില്‍ ജാതി സെന്‍സസ് ആരംഭിച്ചത്. എന്യൂമറേറ്റര്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. 60 ചോദ്യങ്ങള്‍ ഉള്ള സര്‍വേ ഒക്ടോബര്‍ 19 ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഡിസംബറില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 420 കോടി രൂപയാണ് സര്‍വേയ്ക്കായി വകയിരുത്തിയിരിക്കുന്നത്.
Google trending topic: Sudha Murty