റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുചക്രവാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം. 19 കാരനായ തുഷാർ ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഉച്ചയോടെയായിരുന്നു അപകടം. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ ദാദ്രിക്ക് സ്വദേശിയാണ് മരിച്ച തുഷാർ.
ബൈക്ക് ട്രാക്കിലേക്ക് വീണതോടെ പിന്നാലെ എത്തിയ ട്രെയിൻ തുഷാറിനെ ഇടിക്കുകയായിരുന്നു. അടച്ച റെയിൽവെ ക്രോസ് മറികടന്നാണ് തുഷാർ ട്രാക്കിലേക്ക് എത്തിയത്. ഡൽഹി-ഹൗറ റെയിൽ റൂട്ടിൽ ബോഡകി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പാട്ന– ആനന്ദ് വിഹാർ സ്പെഷ്യൽ എക്സ്പ്രസാണ് ഇടിച്ചത്.
അടച്ച റെയിൽവെ ക്രോസിങ് ഗേറ്റിൻ്റെ സമീപത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് തുഷാർ ബൈക്കുമായി ട്രാക്കിലേക്ക് എത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് തെന്നി വീഴുകയായിരുന്നു. ബൈക്കിൽ നിന്നും തുഷാറും ട്രാക്കിലേക്ക് വീണു. ബൈക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ അടുത്തെത്തി. ഇതോടെ ട്രാക്കിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ തുഷാർ മരിച്ചു.