Image credit: r/indiasocial
ദീപാവലിക്ക് മുന്നോടിയായി വീട് വൃത്തിയാക്കിയ യുവതിക്ക് ലഭിച്ചത് രണ്ട് ലക്ഷം രൂപ! വമ്പന്‍ സര്‍പ്രൈസ് ആയിപ്പോയെങ്കിലും പൈസ കൊണ്ട് കാര്യമുണ്ടാകുമോയെന്ന് കണ്ടറിയണം. പിന്‍വലിച്ച 2000 രൂപ നോട്ടിന്‍റെ രണ്ട് ലക്ഷം രൂപയാണ് പഴയ ഡിറ്റിഎച്ച് ബോക്സില്‍ നിന്നും ലഭിച്ചത്. വിവരം യുവതിയുടെ മകനാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
നോട്ട് നിരോധനത്തിന് മുന്‍പേ അച്ഛന്‍ ശേഖരിച്ച് വച്ച പണമാകാം ഇതെന്നാണ് മകന്‍റെ സംശയം. ഇതിനി എന്ത് ചെയ്യുമെന്നും രാഹുല്‍ കുമാറെന്ന യുവാവ് ചോദ്യം ഉയര്‍ത്തുന്നു. സമൂഹമാധ്യമത്തിലൂടെ വിവരമറിഞ്ഞവര്‍ സമ്മിശ്രമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് സാധനത്തിനുള്ളില്‍ പണം വച്ച് മറന്നുപോയ അച്ഛനും കൊള്ളാം,രണ്ട് വര്‍ഷം കഴിഞ്ഞ് തപ്പിയെടുത്ത അമ്മയും കൊള്ളാമെന്ന് ഒരാളും, ആര്‍ബിഐയെ തന്നെ സമീപിച്ച് നോക്കൂവെന്ന് മറ്റൊരാളും കുറിച്ചിട്ടുണ്ട്. ഈ പണം ഇപ്പോള്‍ കയ്യില്‍ കിട്ടുമ്പോഴുള്ള അച്ഛന്‍റെ മുഖഭാവമാണ് ഫ്രെയിം ചെയ്ത് സൂക്ഷിക്കേണ്ടതെന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത്.
സമാനമായ അനുഭവങ്ങള്‍ തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് പലരും കുറിച്ചിട്ടുണ്ട്. പഴയ സാരികള്‍ വയ്ക്കുന്ന സ്ഥലത്ത് അമ്മ സൂക്ഷിച്ച് വച്ചിരുന്ന 10,000 രൂപ ഇതുപോലൊരു ദീപാവലിക്കാലത്ത് കിട്ടിയിട്ടുണ്ടെന്ന് ഒരാള്‍ കുറിച്ചു.
2023 ലാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പിന്‍വലിച്ചത്. കൈവശമുള്ള രണ്ടായിരത്തിന്‍റെ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ ചുരുങ്ങിയ സമയവും അനുവദിച്ചിരുന്നു.