AI Generated Image

AI Generated Image

ഭോപ്പാലില്‍ 21കാരനെ പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ മര്‍ദനമേറ്റ് മരിച്ചത് ഡിഎസ്പിയുടെ ഭാര്യാസഹോദരനെന്ന് റിപ്പോര്‍ട്ട്. പിപ്ലാനി ഏരിയയിലെ ഇന്ദ്രപുരി പ്രദേശത്തുവച്ച് ഇന്നലെയാണ് സംഭവം നടന്നത്. 

ഇന്നലെ പുലര്‍ച്ചെ പൂന്തോട്ടത്തിനു സമീപത്തുള്ള പാര്‍ക്കിങ് ഏരിയയില്‍വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തുകയായിരുന്നു ഉദിത് ഗയാകി. ആ സമയം പട്രോളിങ് നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍മാരായ സന്തോഷ് ബാംനിയയും സൗരഭ് ആര്യയും യുവാക്കളെ കണ്ട് വണ്ടി നിര്‍ത്തി. നേരെ കാറിന്റെ ഡോര്‍ തുറന്ന് പൊലീസുകാര്‍ യുവാക്കളെ ചീത്ത വിളിക്കാന്‍ തുടങ്ങി. ഭയന്നുപോയ ഉദിത് കാറില്‍ നിന്നിറങ്ങി ഇടവഴിയിലൂടെ ഓടി. പൊലീസുകാര്‍ പിന്നാലെ ഓടുകയും ലാത്തികൊണ്ട് മര്‍ദിക്കുകയും ചെയ്തു. ഷര്‍ട്ടൂരി തലയിലും ദേഹത്തും മാറിമാറി അടിച്ചതായും ഉദിത് വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചതായും സുഹൃത്തുക്കള്‍ പറയുന്നു.  കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് യുവാക്കളോട് പതിനായിരം രൂപയും ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം ഉദിത് സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചുപോയി. രണ്ട് മണിക്കൂര്‍ യാത്ര ചെയ്തെങ്കിലും അവശനായിരുന്നു. പിന്നാലെ മൂന്നുനാലു തവണ ഛര്‍ദിച്ചതായും സുഹൃത്തുക്കള്‍ പറയുന്നു. 

    

പിന്നാലെ ബോധരഹിതനായി തളര്‍ന്നുവീണ ഉദിതിനെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നാഡീമിടിപ്പ് പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഉദിത്. അപകടനില ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ ഉടന്‍ എയിംസിലേക്ക് റഫര്‍ ചെയ്തു. പുലർച്ചെ നാലു മണിയോടെ ഭോപ്പാലിലെ എയിംസിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

രണ്ട് പോലീസുകാരുടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ഉദിതിന്റെ സുഹൃത്തുക്കളും കുടുംബവും ആരോപിച്ചു. തലയിലും ദേഹത്തും കൊടിയ മര്‍ദനമാണ് പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സംഭവം ചര്‍ച്ചയായതോടെ പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബാലഘട്ട് ജില്ലയിലെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ചേതൻ അഗ്ലക്കിന്റെ ഭാര്യയുടെ സഹോദരൻ ആണ് ഉദിത്. 

അശോകാ ഗാർഡനിലെ ബാഗ് ദിൽകുഷയിലുള്ള ബാങ്ക് കോളനിയിലെ താമസക്കാരനായിരുന്നു ഉദിത് ഗയാകി. ബിടെക് പൂര്‍ത്തിയാക്കിയ ഉദിത് ബംഗളൂരുവില്‍ ഉപരിപഠനത്തിനായി പോവാനുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണാന്ത്യം. ബംഗളൂരുവിലേക്ക് പോകുംമുന്‍പ് സുഹൃത്തുക്കള്‍ക്ക് ട്രീറ്റ് നല്‍കുന്നതിനിടെയാണ് ഒന്നുമന്വേഷിക്കാതെ പൊലീസുകാര്‍ യുവാവിനെ മര്‍ദിച്ചത്. പൊലീസിനു ലഭിച്ച പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണം പാൻക്രിയാറ്റിക് ഹെമറേജാണ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദിത്തിന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനും മാതാവ് അധ്യാപികയുമാണ്.

ENGLISH SUMMARY:

Bhopal Murder Case: A 21-year-old was allegedly beaten to death by police in Bhopal. The incident involves serious allegations of police brutality and has led to the suspension of the officers involved.