വിവാഹമോചനം സങ്കടവും വിഷാദവും മാത്രമായി മാറിയ കാലം മാറി. ഇന്ന് വിവാഹത്തെ പോലെ വിവാഹ മോചനവും ആഘോഷമാണ്. ഇത്തരം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു.
ബിരാദാർ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവാവിനെ അമ്മ പാലില്‍ കുളിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കം. പുതു വസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം പങ്കിടുന്നതും വിഡിയോയില്‍ കാണാം.
120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് യുവാവ് കേക്കില്‍ എഴുതിയിട്ടുണ്ട്. 'ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എന്‍റെ ജീവിതം എന്‍റെ നിയമങ്ങളാണ്' എന്നാണ് വിഡിയോയുടെ തലക്കെട്ട്.
വിഡിയോ മൂന്ന് മില്യണിലധികം പേരാണ് ഇതിനോടകം കണ്ടത്. വലിയ വിമര്‍ശനമാണ് വിഡിയോയ്ക്ക് നേരെ. യുവാവിനെ 'അമ്മ കുട്ടി' എന്നാണ് കമന്‍റ് ബോക്സില്‍ പലരും എഴുതുന്നത്. നിങ്ങളുടെ ഭാര്യ ടോക്സിക് ബന്ധം അവസാനിപ്പിച്ചതായി തോന്നുന്നു. അവൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ അമ്മയോടൊപ്പം നിൽക്കൂ എന്നാണ് ഒരു കമന്‍റ്. ജീവിതത്തിൽ സമാധാനം ഉണ്ടാകണമെങ്കില്‍ അമ്മ കുട്ടിയിൽ നിന്ന് അകന്നു നിൽക്കുക എന്നാണ് മറ്റൊരാള്‍ കമന്‍റിട്ടത്.