ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. 30 വയസ്സുകാരനായ സഞ്ജയ് ഭോയിർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇന്നലെ മരണം സ്ഥിരീകരിച്ചു.
നൈഗാവിനും ഭയന്ദർ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപിലായിരുന്നു സഞ്ജയ്‍യുടെ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 8:30 ഓടെ റെയിൽവേ ക്രീക്ക് പാലത്തിലൂടെ നൈഗാവോൺ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു യുവാവ്. ഇതേസമയം പൂജാ സാധനങ്ങൾ അടങ്ങിയ പാക്കറ്റ് ഓടുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിലെ തേങ്ങ പതിച്ചത് സഞ്ജയ്‌യുടെ തലയിലും.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം വസായിലെ മുനിസിപ്പൽ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ തലയ്ക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവും മൂലം ഞായറാഴ്ച രാവിലെ യുവാവ് മരിച്ചതായി ബന്ധുക്കൾ അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
അതേസമയം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വേഗത്തിൽ പായുന്ന ട്രെയിനുകളിൽ നിന്ന് വലിച്ചെറിയുന്ന വസ്തുക്കൾ ദേഹത്തുവീണ് പലപ്പോഴും കാൽനടയാത്രക്കാർക്ക് പരിക്കേൽക്കാറുണ്ട്. ട്രെയിനുകളിൽ നിന്ന് മാലിന്യങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിയുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. നൈഗാവിനും ഭയാന്ദറിനും ഇടയിലുള്ള പാലങ്ങളില്‍ നിന്നും മറ്റും നദിയിലേക്കും പുഴയിലേക്കും സാധനങ്ങള്‍ എറിയുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.