AI Generated Image
മദ്യലഹരിയില്‍ കടിച്ച പാമ്പിന്‍റെ തലയില്‍ കടിച്ച് യുവാവ്. ശരീരമാസകലം വിഷം പടര്‍ന്നതോടെ വെങ്കിടേഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിനെ പാമ്പു കടിച്ചത്. തിരുപ്പതി ജില്ലയിലെ തോട്ടംബേട് ചിയ്യവരത്താണ് യുവാവിന്‍റെ പരാക്രമം. മദ്യലഹരിയിൽ പാമ്പിന്‍റെ തല കടിച്ചുകീറുകയായിരുന്നു ഇയാള്‍ ചെയ്തത്.
അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു വെങ്കിടേഷ്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് ഇയാളെ വിഷ പാമ്പ് കടിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു. തുടർന്ന് ചത്ത പാമ്പിനെ വീട്ടിൽ കൊണ്ടുപോയി കട്ടിലിനരികിൽ കിടത്തി ഉറങ്ങി. എന്നാല്‍ രാവിലെയായതോടെ ശരീരത്തില്‍ വിഷം പടര്‍ന്ന് ആരോഗ്യ നില മോശമാകുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ വെങ്കിടേഷിനെ വീട്ടുകാര്‍ ശ്രീകാളഹസ്തിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുപ്പതിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.