Image: Social Media
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അജ്മീറിലെ ഹോട്ടലില്‍ വിനോദസഞ്ചാരികളെ ഞെട്ടിച്ച് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. രണ്ടാം നിലയിലെ ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. അതും ടോയ്‌ലറ്റ് സീറ്റില്‍. കമോഡ് സംവിധാനം വഴിയാണ് പാമ്പ് കയറിയത് എന്നാണ് സൂചന. ഒരു വിനോദസഞ്ചാരി ശുചിമുറിയില്‍ കയറിയതിന് പിന്നാലെയാണ് ടോയ്‌ലറ്റ് സീറ്റില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ കണ്ടത്.
സംഭവത്തിന്‍റെ വിഡിയോകള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ കോബ്ര ടീം ഉടന്‍ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമഫലമായാണ് പാമ്പിനെ പിടികൂടിയത്. ശേഷം മൂർഖനെ അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു. പെണ്‍ മൂര്‍ഖനെയാണ് കണ്ടെത്തിയത്. വര്‍ധിച്ചുവരുന്ന താപനില, സ്വാഭാവിക ആവാസവ്യവസ്ഥകളുടെ അഭാവം, നഗരവൽക്കരണം, വനനശീകരണം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇന്ന് വിഷപാമ്പുകളെ മനുഷ്യവാസ കേന്ദ്രങ്ങളിലും വീടുകളിലും കാണ്ടെത്താന്‍ കാരണം. മഴക്കാലത്ത് പാമ്പുകൾ പലപ്പോഴും വരണ്ട നിലം തേടിയും വീടുകളിലും കുളിമുറികളിലും എത്താറുണ്ട്.
മൂര്‍ഖന്‍
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ (Cobra). ഏഷ്യൻ- ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. മറ്റുള്ള പാമ്പുകളേക്കാള്‍ പെട്ടെന്ന് പ്രകോപിതരാകുന്ന ഇവയില്‍ ചിലയിനത്തിന് വിഷം ചീറ്റാനും കഴിവുണ്ട് (സ്പിറ്റിങ്ങ് കോബ്രകൾ). മൂര്‍ഖന്‍റെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ന്യൂറോടോക്സിൻ, കാർഡിയോടോക്സിൻ, സൈറ്റോടോക്സിൻ എന്നീ പദാർഥങ്ങളാണ് ഇവയുടെ വിഷത്തിലുള്ളത്.
ഇന്ത്യൻ ഭൂഖണ്ഡത്തിൽ മൂന്ന് തരം മൂർഖൻ ഇനങ്ങളാണുള്ളത്. കൂടുതലായും കാണപ്പെടുന്നത് ഇന്ത്യൻ മൂർഖനാണ്. മോണോക്ലെഡ് കോബ്രയും (naja kothia), കാസ്പിയൻ കോബ്രയുമാണ് (naja oxiana) ആണ് മറ്റുള്ളവ. ഇതിൽ കേരളത്തിൽ ഇന്ത്യൻ മൂർഖൻ (naja naja) മാത്രമേയുള്ളു. കടിയേറ്റാൽ കാഴ്ച്ചമങ്ങൾ, ഛർദ്ദി, തളർച്ച, ബോധക്ഷയം, മരവിപ്പ്, കലശലായ വേദന, പക്ഷാഘാതം എന്നിവ ഉണ്ടാവുന്നു. കാസ്പിയൻ കോബ്രയാണ് ഏറ്റവും വീര്യമുള്ള വിഷമുള്ള കോബ്ര. ഒറ്റകടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവെയ്ക്കുന്ന മൂര്‍ഖനാകട്ടെ ഫോറസ്റ്റ് കോബ്രയാണ്.