Image credit: x/amarujala
അമ്മാവനുമായുള്ള ഭൂമി തര്‍ക്കപ്പരാതി മുഖ്യമന്ത്രി കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നാരോപിച്ച് അക്രമാസക്തനായി യുവാവ്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. രണ്ടര മണിക്കൂറോളമാണ് പൊലീസിനെയും നാട്ടുകാരെയും സുനിത് എന്ന യുവാവ് തോക്കിന്‍മുനയില്‍ നിര്‍ത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വകവരുത്തുമെന്നായിരുന്നു ആദ്യത്തെ ഭീഷണി. വാള്‍ ചുഴറ്റിയുള്ള സുനിതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൊലീസ് തിരഞ്ഞ് വീട്ടിലെത്തി. പൊലീസിനെ കണ്ടതും തോക്കുമായി സുനിത് വീടിന്‍റെ മേല്‍ക്കൂരയിലേക്ക് ചാടിക്കയറി. ആകാശത്തേക്ക് വെടിയുതിര്‍ത്തു. താഴെ ഇറങ്ങാന്‍ പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും സുനിത് ഇറങ്ങിയില്ല. രണ്ടര മണിക്കൂറോളം പൊലീസുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയും ആകാശത്തേക്ക് വെടിയുതിര്‍ത്തും സുനിതിന്‍റെ അഭ്യാസം തുടര്‍ന്നു. ഒടുവില്‍ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു.
അമ്മാവനുമായി തനിക്ക് ഭൂമി തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ലക്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ എത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണി വിഡിയോയും പിന്നാലെ പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയതും. അറസ്റ്റിലായ സുനിതിനെ റിമാന്‍ഡ് ചെയ്തു.