Image Credit: x.com/aboyobbhuyan
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 36 കാരിയായ നുപുര്‍ ബോറയെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്‍ അറസ്റ്റു ചെയ്തത്. നിലവില്‍ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറാണ്.
നുപുറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 92 ലക്ഷം രൂപയും ഒരു കോടി രൂപ വില വരുന്ന ആഭരണങ്ങളും കണ്ടെത്തി. വാടകവീട്ടില്‍ നിന്നും 10 ലക്ഷം രൂപ പണമായും ലഭിച്ചു. ഗോലാഘട്ട് സ്വദേശിയായ നുപുര്‍ ബോറ 2019 ലാണ് അസാം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചത്. ബാര്‍പേട്ട റവന്യു സര്‍ക്കിളിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് നുപുര്‍ ബോറയ്ക്കെതിരെയുള്ളത്.
കഴിഞ്ഞ ആറുമാസമായി ഉദ്യോഗസ്ഥ നിരീക്ഷണത്തിലാണെന്നും വിവാദമായ സ്ഥലകച്ചവടവുമായി ബന്ധപ്പെട്ട കേസില്‍ നുപുര്‍ ആരോപണ വിധേയയായിരുന്നുവെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബാർപേട്ട റവന്യൂ സർക്കിളിലെ ഹിന്ദുക്കളുടെ ഭൂമി പണം വാങ്ങി സംശയാസ്പദമായ വ്യക്തികൾക്ക് നുപുര്‍ കൈമാറി. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.
നുപുറിന്‍റെ സഹായിയായ ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫീസിൽ ജോലി ചെയ്യുന്ന ലാത് മണ്ഡല് സുരജിത് ദേകയുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിട്ടുണ്ട്. ബാർപേട്ടയില്‍ നുപുറിന്‍റെ സഹായത്തോടെ ഇയാള്‍ നിരവധി സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.