Image: Manorama
മുഖ്യമന്ത്രിയാകാനുള്ള തന്റെ അവസരത്തെ ഇല്ലാതാക്കിയത് രാഹുല്‍ ഗാന്ധിയുെട ഒരേയൊരു ഫോണ്‍കോളെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 2014ലെ കാര്യമാണ് ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായ ശര്‍മ തുറന്നുപറയുന്നത്. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തരുണ്‍ ഗോഗോയിയേക്കാള്‍ പിന്തുണ തനിക്കാണ് ലഭിച്ചിരുന്നതെന്നും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും തനിക്കൊപ്പം നിന്നിരുന്നുവെന്നും ശര്‍മ. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് സോണിയാ മാഡം ആഗ്രഹിച്ചിരുന്നുവെന്നും സത്യപ്രതിജ്ഞയ്ക്കായി തിയതി തീരുമാനിക്കാനായി ആവശ്യപ്പെട്ടിരുന്നെന്നും ശര്‍മ. ജൂണ്‍ മാസത്തില്‍ കാമാഖ്യ ക്ഷേത്രത്തിലെ അംബുബാചി ഉത്സവത്തിനു പിന്നാലെ അധികാരമേറ്റെടുക്കാമെന്ന് കരുതിയിരുന്ന തന്റെ രാഷ്ട്രീയ ചിത്രം വളരെ നാടകീയമായി ഇല്ലാതാക്കിയത് രാഹുല്‍ ഗാന്ധിയാണെന്നും ശര്‍മ അവകാശപ്പെടുന്നു.
അന്ന് അമേരിക്കയിലായിരുന്ന രാഹുലിന്റെ ഒരേയൊരു ഫോണ്‍കോളാണ് തന്റെ മുഖ്യമന്ത്രിപദത്തെ ഇല്ലാതാക്കിയത്. രാഹുല്‍ പാര്‍ട്ടി നേതാക്കളെ വിളിച്ച് സംസാരിച്ചു, പിന്നാലെ സാഹചര്യം മാറി, എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് രാഹുലോ സോണിയയോ വിശദമാക്കിയില്ല, 58പേര്‍ തന്നെ പിന്തുണച്ചിട്ടും തന്റെ രാഷ്ട്രീയ ചിത്രം മാറിപ്പോയെന്നും ശര്‍മ പറയുന്നു.
എന്നാല്‍ അന്നത്തെ അവഗണന തനിക്ക് പിന്നീട് ഗുണമായി, ഇന്ന് ബിജെപിയിലെത്തി, കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ലഭിക്കാത്ത പല കാര്യങ്ങളും ഇന്നെനിക്ക് ലഭിക്കുന്നു, അസമിനേയും സനാതന ധര്‍മത്തേയും സേവിക്കാന്‍ കഴിയുന്നു, അതുകൊണ്ട് തന്റെ ഇന്നത്തെ നേട്ടത്തില്‍ രാഹുലിനാണ് നന്ദി പറയുന്നതെന്നും അദ്ദേഹം പറയുന്നു.
2015ലാണ് ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയത്. തനിക്ക് രാജിവെക്കേണ്ടി വന്ന സാഹചര്യങ്ങളും കോണ്‍ഗ്രസ് വിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചുമൊന്നും പൊതുജനത്തിനറിയില്ല, പക്ഷേ ഒരു ദിവസം ഇതെല്ലാം പുസ്തകമായി വെളിയില്‍ വരുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.