Image Credit:Instagram
ഷോറൂമില്‍ നിന്ന് പുറത്തിറക്കുന്നതിനിടെ ഥാര്‍ ഗ്ലാസ് വാതില്‍ തകര്‍ത്ത് നിലംപതിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹനം വാങ്ങിയ യുവതി. താന്‍ മരിച്ചുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളിയാണ് മാനി പവാര്‍ രംഗത്തെത്തിയത്. ആര്‍ക്കും പരുക്കേറ്റില്ലെന്നും വാഹനം മാത്രമാണ് തലകുത്തി താഴേക്ക് വീണതെന്നുമാണ് മാനി വിശദീകരിക്കുന്നത്.
പുതിയ വാഹനം വാങ്ങുമ്പോള്‍ ചെറുനാരങ്ങയ്ക്ക് മുകളിലൂടെ ടയര്‍ കയറ്റിയിറക്കുന്ന പതിവുണ്ട്. ഇത് ചെയ്യുന്നതിനായി കാര്‍ മെല്ലെ മുന്നോട്ടെടുത്ത മാനി അബദ്ധത്തില്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി. നിമിഷങ്ങള്‍ക്കകം ഗ്ലാസ് ഡോര്‍ തകര്‍ത്ത് വാഹനം തലകുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. 27 ലക്ഷത്തിന്‍റെ വാഹനം താക്കോല്‍ കയ്യില്‍ വാങ്ങിയതിന് പിന്നാലെ അപകടത്തില്‍പ്പെട്ട വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയുമായി.
'വ്യാജവാര്‍ത്ത ആളുകള്‍ പ്രചരിപ്പിക്കുന്നത് കൊണ്ടാണ് വിഡിയോ ചെയ്യാമെന്ന് ഞാന്‍ കരുതിയത്. വ്യൂസും ലൈക്കുകളും കിട്ടാന്‍ ചിലര്‍ വ്യാജ വിഡിയോകളുണ്ടാക്കുകയാണ്. ഥാറിനുള്ളിലുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരുക്കേറ്റുവെന്നും മൂക്കിന്‍റെ പാലം തകര്‍ന്നുവെന്നുമെല്ലാമാണ് ഒരു വിഡിയോയില്‍ ഉള്ളത്. മറ്റൊരു വിഡിയോയിലാവട്ടെ, യുവതി മരിച്ചുവെന്നും! ഇതെല്ലാം വാസ്തവ വിരുദ്ധമമാണ്. എനിക്കൊരു കുഴപ്പവും സംഭവിച്ചിട്ടില്ല'- മാനി തന്‍റെ ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ വെളിപ്പെടുത്തി.
ഗാസിയാബാദ് സ്വദേശിയാണ് 29കാരിയായ മാനി. സംഭവ സമയത്ത് തനിക്കൊപ്പം കുടുംബാംഗങ്ങളും ഷോറൂമിലെ സെയില്‍സ്മാനും ഉണ്ടായിരുന്നു. കാര്‍ ഉയര്‍ന്ന ആര്‍പിഎമ്മിലായിരുന്നു. ആക്സിലേറ്ററില്‍ തൊട്ടതും വാഹനം പായുകയും തലകീഴായി മറിയുകയുമായിരുന്നു. ഥാര്‍ നിലത്ത് വീണയുടന്‍ തന്നെ വാതിലിലൂടെ മൂവരും പുറത്തിറങ്ങിയെന്നും ആര്‍ക്കും ഒരു പരുക്കുമേറ്റില്ലെന്നും മാനി പറയുന്നു.