sunroof-accident

ഓടുന്ന കാറിന്‍റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവർഹെഡ് ബാരിയറിൽ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബെംഗളൂരുവിൽ നിന്നുള്ള വിഡിയോയാണ് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. വാഹനങ്ങളുടെ സണ്‍റൂഫുകള്‍ അപകടത്തിന് കാരണമായേക്കാം എന്നത് മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയങ്ങളിലൊന്നാണ്. വിഡിയോ വൈറലായതിന് പിന്നാലെ ആശങ്കയും മാതാപിതാക്കളുടെ അശ്രദ്ധയില്‍ വിമര്‍ശനവും ഉന്നയിച്ച് നെറ്റിസണ്‍സും രംഗത്തുണ്ട്. 

ശനിയാഴ്ചയാണ് സംഭവം. തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവന്ന എസ്‌യുവി പോകുന്നതാണ് വിഡിയോയില്‍. അതിൽ ഒരു കുട്ടി കാറിന്റെ സൺറൂഫിന് മുകളിലൂടെ തല പുറത്തേക്കിട്ട് നിന്ന് കാഴ്ചകള്‍ കാണുകയും യാത്ര ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ പെട്ടെന്നാണ് വാഹനം വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ സ്ഥാപിച്ച ഓവർഹെഡ് ബാരിയറിനടിയിലൂടെ കടന്നു പോകുന്നത്. പിന്നാലെ ബാരിയര്‍ കുട്ടിയുടെ തലയില്‍ ശക്തമായി ഇടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്‍റെ ഉള്ളിലേക്ക് തന്നെ കുട്ടി വീഴുന്നതും വിഡിയോയിലുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. 

‘അടുത്ത തവണ നിങ്ങളുടെ കുട്ടികളെ വാഹനത്തില്‍ നിന്നും പുറത്തേക്ക് നോക്കാൻ അനുവദിക്കുമ്പോള്‍ ഒരിക്കൽ കൂടി ചിന്തിക്കൂ!’ എന്ന് കുറിച്ചാണ് വിഡിയോ എക്സില്‍ പങ്കുവച്ചത്. വിഡിയോ ഓൺലൈനിൽ വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. വാഹനത്തിലുള്ള മുതിർന്നവർ ഇത്തരം അപകടകരമായ പെരുമാറ്റം കണ്ടിട്ടും ഇടപെടാതിരുന്നതില്‍ നിരവധി ഉപയോക്താക്കൾ വിമർശനവുമായി രംഗത്തെത്തി. ഈ അപകടത്തിന് വാഹനത്തിലുള്ള മുതിര്‍ന്നവരാണ് പൂര്‍ണ ഉത്തരവാദികള്‍ എന്നാണ് ഒരാള്‍ കുറിച്ചത്. സണ്‍റൂഫ് നിരോധിക്കണെമെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു. കുട്ടിക്ക് ഗുരുതര പരിക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രാര്‍ഥിക്കുന്നുവെന്നും ആളുകള്‍ കുറിക്കുന്നുണ്ട്. 

കാറിൽ നിന്ന് തല പുറത്തേക്കിടുന്നത് എത്ര അപകടകരമാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കാത്തത് ഭയാനകമാണെന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ‘ഇത് പോലെ വാഹനമോടിക്കുന്ന എല്ലാവർക്കും ഒരു മുന്നറിയിപ്പായിരിക്കണം, ഒരു രക്ഷിതാവ് അല്ലെങ്കിൽ ഡ്രൈവർ എന്ന നിലയിൽ നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, വാഹനമോടിക്കുമ്പോൾ ആരെയും സണ്‍റൂഫ് തുറക്കാന്‍ അനുവദിക്കരുത് എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍. 

ENGLISH SUMMARY:

A shocking video from Bengaluru has gone viral showing a child standing through the sunroof of a moving SUV and hitting his head against an overhead barrier. The disturbing incident has raised serious concerns about the dangers of car sunroofs, despite repeated warnings from the Motor Vehicles Department. Netizens have criticized the negligence of parents and adults inside the vehicle for allowing such risky behavior. While the extent of the child’s injuries remains unclear, the viral footage has sparked calls for stricter regulations on sunroof usage in India.