തമിഴ്നാട്ടിലെ കടലൂർ ജില്ലയില്‍ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയും വസ്ത്രങ്ങള്‍ കീറിയെറിയുകയും ചെയ്ത് നാല് സ്ത്രീകളുടെ സംഘം. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധവും ശക്തമാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
വിഡിയോയില്‍ ഒരു സ്ത്രീയെ അവരുടെ തന്നെ സാരി ഉപയോഗിച്ച് മരത്തില്‍ കെട്ടയിട്ടതായി കാണാം. നാല് സ്ത്രീകൾ അവര്‍ക്കുചുറ്റും നിന്ന് അസഭ്യം പറയുകയും മര്‍ദിക്കുകയും വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായ ആക്രമണത്തില്‍ സ്ത്രീധരിച്ച ബ്ലൗസ് പോലും ഇവര്‍ കീറിയെറിയുന്നു. വടി കൊണ്ട് അടിക്കുന്നതും മുടിയിൽ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശില്‍ നടന്ന മറ്റൊരു സംഭവത്തില്‍ നാല്‍പ്പതു വയസുകാരിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. യുപിയിലെ ഹാര്‍ഡേയിയിലാണ് സംഭവം. കുട്ടികള്‍ക്കിടയില്‍ കളിക്കിടയിലുണ്ടായ വഴക്ക് കുടുംബങ്ങള്‍ ഇടപെട്ടതോടെ വഷളാവുകയായിരുന്നു.