ലൈംഗികപീഡന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജയിലില്‍ ലൈബ്രറി ജോലി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പ്രജ്വലിന് ലൈബ്രറി ക്ലര്‍ക്കിന്‍റെ ജോലിയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഈ ജോലിയാണ് പ്രജ്വല്‍ ജയിലില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ജയിലിലെ സെന്‍ട്രല്‍ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും ക്ലറിക്കല്‍ ജോലികളുമാണ് പ്രജ്വല്‍ ചെയ്യേണ്ടത്. ജയിൽ നിയമങ്ങൾ അനുസരിച്ച് അവിദഗ്ദ്ധ തൊഴിലാളിയായാണ് പ്രജ്വലിനെ കണക്കാക്കുന്നത്. ബേക്കറി, മരപ്പണി, പൂന്തോട്ടപരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ ജോലികളാണ് പ്രജ്വലിന് തിരഞ്ഞെടുക്കാന്‍ സാധിക്കുക.
അഡ്മിനിസ്ട്രേഷന്‍ ജോലി ചെയ്യാനാണ് പ്രജ്വല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ജയില്‍ അധികൃതര്‍ ലൈബ്രറി ജോലിയാണ് ആദ്യ ആഴ്ച പ്രജ്വലിന് നല്‍കിയത്. ആഴ്ചയില്‍ മൂന്നു ദിവസം ജോലി ചെയ്യണമെന്നാണ് ജയില്‍ നിയമം. മാസത്തില്‍ 12 തൊഴില്‍ദിനമാണ് ജയിലില്‍ ലഭിക്കുക. നിലവിൽ പ്രതിദിനം ഏകദേശം 520 രൂപയാണ് പ്രജ്വലിന് ലഭിക്കുന്ന ദിവസ കൂലി.
കഴിഞ്ഞ വർഷമാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ മൂന്ന് ബലാല്‍സംഗകേസുകളും ഒരു ലൈംഗിക അതിക്രമ കേസും കര്‍ണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. വീട്ടുജോലിക്കാരിയായ 48 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 11 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക സെഷൻസ് കോടതിയാണ് പ്രജ്വലിനെ ശിക്ഷിച്ചത്.