പഠന സമ്മര്‍ദം താങ്ങാനാവാതെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ കോര്‍ബയില്‍ ശനിയാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ ഹോസ്റ്റല്‍ മുറിയിലാണ് ഹിമാന്‍ഷു കശ്യപെന്ന 24കാരന്‍ തൂങ്ങിമരിച്ചത്. 'എന്നെ കൊണ്ട് ഇത്  പറ്റില്ല. എന്നോട് ക്ഷമിക്കൂ പപ്പാ'...എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

രാവിലെ പരീക്ഷയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ ഹിമാന്‍ഷുവിന്‍റെ മുറിയിലെത്തി. മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വിദ്യാര്‍ഥികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. 2024 ല്‍ നടന്ന ഒന്നാം വര്‍ഷ പരീക്ഷയില്‍ ഹിമാന്‍ഷു പരാജയപ്പെട്ടിരുന്നു. ഈ പരീക്ഷ വീണ്ടും എഴുതാനിരിക്കെയാണ് മരണം. പരീക്ഷയില്‍ ജയിക്കാനാവില്ലെന്ന ഭീതിയാകാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

പഠന സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗോവയിലെ ബിഐടിഎസ് പിലാനി ക്യാംപസിലും യുവാവ് ജീവനൊടുക്കിയിരുന്നു. രണ്ടാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിയായ റിഷി നായരാണ് ജീവനൊടുക്കിയത്. ക്യാപംപസില്‍ ഡിസംബറിന് ശേഷം സംഭവിച്ച അഞ്ചാമത്തെ ആത്മഹത്യ കൂടിയാണിത്. ഇതോടെ വിദ്യാര്‍ഥികളുടെ ആത്മഹത്യയെ കുറിച്ച് പഠിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. കലക്ടര്‍ നേതൃത്വം നല്‍കുന്ന സമിതിയാകും അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുക. 

ENGLISH SUMMARY:

Student suicide, driven by academic pressure, is a rising concern. The recent tragic incidents highlight the urgent need for mental health support in educational institutions.