മഹാരാഷ്ട്ര സോളാപുരിലെ അനധികൃതഖനനം തടയുന്നതിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. കർമാലയിൽ ഡിഎസ്‍പിയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്‌ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്കുകാരിയായിരുന്നു.
നിയമലംഘന പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്നും, എന്തെങ്കിലുമുണ്ടെങ്കിൽ തന്‍റെ നമ്പരിലേക്ക് വിളിക്കാനുമാണ് പ്രാദേശിക എൻസിപി നേതാവിന്‍റെ ഫോണിലേക്ക് വിളിച്ച അജിത് പവാറിനോട് ഐപിഎസ് ഉദ്യോഗസ്ഥയായ അഞ്ജന കൃഷ്ണ പറഞ്ഞത്. പ്രകോപിതനായ അജിത് പവർ എങ്ങനെ എന്നോട് ഇങ്ങനെ പറയാൻ ധൈര്യം വന്നുവെന്നും, എന്നെ കാണണമെങ്കിൽ എന്നെ വാട്സാപ്പിൽ വിളിക്കൂ അപ്പോൾ നിങ്ങൾക്ക് എന്റെ മുഖം മനസ്സിലാകുമെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.
സംഭവം വിവാദമായതോടെ എൻസിപി നേതാക്കളും അജിത് പവാറും വിശദീകരണവുമായി രംഗത്തെത്തി. ശിവസേനയും കോൺഗ്രസും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.