File Image: Manorama
പ്രസവിക്കാന്‍ നല്ല ആശുപത്രിയില്ലാത്തതിനാല്‍ നാട്ടിലെ സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും ഉത്തര കന്നഡയിലെ ഹലിയാല്‍ എംഎല്‍എയുമായ ആര്‍.വി.ദേശ്പാണ്ഡെയാണ് വാര്‍ത്താസമ്മേളനത്തിനിടെ മോശം പരാമര്‍ശം നടത്തിയത്. ജോയ്ഡയില്‍ അടിയന്തരമായി സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രി വേണമെന്നും അതില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ കഷ്ടപ്പെടുകയാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍. 'നിനക്കൊരു കുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം' എന്നായിരുന്നു അശ്ലീല ചിരിയോടെ എംഎല്‍എയുടെ മറുപടി.
എംഎല്‍എയുടെ പരാമര്‍ശത്തില്‍ കനത്ത പ്രതിഷേധമുയര്‍ന്നു. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യുന്ന വാക്കുകളാണ് എംഎല്‍എയുടേതെന്നും പരസ്യമായി മാപ്പുപറയണമെന്നും രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടു. മുതിര്‍ന്ന സാമാജികനായ ദേശ്പാണ്ഡെയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും അപമാനകരവുമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു.
എംഎല്‍എയ്ക്ക് ഏതുതരം മനസ്ഥിതിയാണ് ഉള്ളതെന്ന് മനസിലാകുന്നില്ലെന്നും ജനതാദള്‍ (എസ്) പ്രതികരിച്ചു. ‘ഒരിടത്ത് സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രി വേണമെന്ന് പറയുന്ന മാധ്യമപ്രവര്‍ത്തകയോട്, നിനക്ക് പ്രസവിക്കാനാകുമ്പോള്‍ ഉണ്ടാക്കിത്തരാമെന്നാണോ പറയേണ്ടത്? ഇങ്ങനെയാണോ സ്ത്രീകളെ ബഹുമാനിക്കുന്നത്.’ ദേശ്പാണ്ഡെ എത്രയും വേഗം മാപ്പുപറയണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മോദിയുടെ അമ്മയെ അപമാനിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോടും കോണ്‍ഗ്രസ് അപമര്യാദ തുടരുകയാണെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാലയുടെ പ്രതികരണം. പുരുഷന്മാരായ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രതികരിക്കാന്‍ തുനിയുമായിരുന്നോ എന്നും തൊഴിലിനായി ഇറങ്ങുമ്പോള്‍ പോലും ജനപ്രതിനിധികളില്‍ നിന്ന് ഇത്തരം സെക്സിസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്നതെന്നും ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും സ്ത്രീപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.