ഷാര്‍ജയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചി എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു 176 യാത്രക്കാരുമായി വിമാനം റണ്‍വേയില്‍ കിടന്നത്. പുലര്‍ച്ചെ 4.45നായിരുന്നു വിമാനം ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. പുറപ്പെടാനൊരുങ്ങവേ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ടേക്ക് ഓഫിന് കഴിഞ്ഞില്ല. അറ്റകുറ്റപ്പണികള്‍ക്കായി എന്‍ജിനീയര്‍മാരെത്തുന്നത് വരെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ തന്നെ ഇരുന്നു. പിന്നീടാണ് ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്.
ഓഗസ്റ്റ് 17ന് നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ വൈകി വേറെ വിമാനത്തിലാണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. AI 504 വിമാനം രാത്രി 10.34ഓടെയായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ടാക്സിയിങിനിടെ തകരാര്‍ സംഭവിക്കുകയായിരുന്നു. നീങ്ങിത്തുടങ്ങിയ വിമാനം പൊടുന്നനവേ ഓട്ടം നിലച്ചു. ഇതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി.
ടേക്ക് ഓഫിനായി നീങ്ങുന്നതിനിടയില്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായി എയര്‍ ഇന്ത്യ പിന്നീട് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് വിമാനം പരിശോധിക്കാന്‍ തീരുമാനിക്കുകയും യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു വിമാനം ക്രമീകരിച്ച് സര്‍വീസ് നടത്തി.