ഇന്ത്യന്‍ വംശജനായ യുകെ പൗരന്‍റെ ലണ്ടന്‍ യാത്ര മുടങ്ങിയ സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് നടപടി. യുകെ പൗരനായ കൃഷ്ണ പ്രസാദിനെ തെറ്റായി കസ്റ്റഡിയിലെടുത്തതാണ് നടപടിക്ക് കാരണം.
2019 ഫെബ്രുവരി 19 നാണ് നടപടിക്ക് ആധാരമായ സംഭവം. ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയ കൃഷ്ണ പ്രസാദിനെ ബെംഗളൂരു പൊലീസിന്‍റെ ലുക്ക്ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. 2016 ലുണ്ടായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു ലുക്ക്ഔട്ട് നോട്ടീസ്.
സംഭവത്തില്‍ കൃഷ്ണ പ്രസാദിന് കര്‍ണാടക ഹൈക്കോടതി 2016 ല്‍ സ്റ്റേ അനുവദിച്ചിരുന്നു. ഇക്കാര്യം ഇമിഗ്രേഷന്‍ അധികൃതരെ അറിയിക്കാന്‍ വൈകിയതോടെയാണ് അനാവശ്യ കസ്റ്റഡി. ഈ ദിവസം തന്നെ ഹലസൂരു ഗേറ്റ് വനിതാ സ്റ്റേഷനില്‍ നിന്നും കൃഷ്ണ പ്രസാദിനെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ട് മെയിലും ലഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസെത്തും വരെ ഇയാള്‍ കസ്റ്റഡിയില്‍ തുടര്‍ന്നു.
ഫെബ്രുവരി 20-ാം തീയതി പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യാനെത്തി. സ്റ്റേ ഉത്തരവ് കാണിച്ചതോടെ അസഭ്യം പറയുകയായിരുന്നു എന്ന് കൃഷ്ണ പ്രസാദ് പറഞ്ഞു. പിന്നീട് കൃഷ്ണ പ്രസാദ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ ഹലാസുരു ഗേറ്റ് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഷൈലജയുടെ പിഴവാണെന്ന് കമ്മീഷന്‍ കണ്ടെത്തി. സംഭവദിവസം താൻ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നും എമിഗ്രേഷൻ സെന്‍ററിലേക്ക് അയച്ച ഇമെയിലിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു ഷൈലജയുടെ അവകാശവാദം.
കർണാടക ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നുവെന്നും എന്നാല്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് പോകാൻ ആവശ്യപ്പെട്ടത് ഷൈലജയാണെന്നും കമ്മിഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് കമ്മിഷന്‍ പിഴയിട്ടത്. വിമാനടിക്കറ്റ് തുകയായ 57,000 രൂപയും കസ്റ്റഡിയില്‍ വച്ചതടക്കമുള്ള നഷ്ടവും ചേര്‍ത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. ഈ തുക ശൈലജയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.