Image Credit: facebook.com/deepak86dxb

Image Credit: facebook.com/deepak86dxb

കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്നു കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. 45 കാരിയായ വസുധ ചക്രവർത്തിയുടെ മൃതദേഹമാണ് സൗപര്‍ണിക നദിയില്‍ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു ത്യാഗരാജനഗര്‍ സ്വദേശിയാണ് വസുധ. ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമല്ല.

ഓഗസ്റ്റ് 27നാണ് വസുധ തന്‍റെ കാറില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ഗസ്റ്റ് ഹൗസിൽ കാര്‍ പാര്‍ക്ക് ചെയ്തശേഷം പുറത്തേക്കുപോയ അവര്‍ പിന്നീട് തിരികെയെത്തിയില്ല. ഇതിനിടെ വസുധയുടെ അമ്മ വിമല മകളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പിറ്റേന്ന് രാവിലെ വിമല കൊല്ലൂരിലെത്തി ക്ഷേത്ര ജീവനക്കാരോട് അന്വേഷിക്കുകയായിരുന്നു.

യുവതി അസ്വസ്ഥയായിരുന്നെന്നും കാര്‍ പാര്‍ക്ക് ചെയ്തശേഷം പുറത്തുപോയതായും ജീവനക്കാര്‍ പറഞ്ഞു. ക്ഷേത്രപരിസരത്ത് അന്വേഷിച്ചെങ്കിലും വസുധയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിമല പൊലീസില്‍ മകളെ കാണാനില്ലെന്ന് പരാതിപ്പെടുകയായിരുന്നു. വിമലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

സമീപ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലുകളിലും വസുധയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ലഭിച്ച പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസുധ സൗപർണിക നദിയിലേക്ക് ചാടിയിരിക്കാമെന്ന് പൊലീസ് അനുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വസുധ പുഴയില്‍ ചാടിയിരിക്കാം എന്ന് കരുതപ്പെടുന്ന സ്ഥലത്തുനിന്നും ഏകദേശം 3 കിലോമീറ്റർ അകലെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസികൾ, ബൈന്ദൂർ അഗ്നിരക്ഷാസേന, നീന്തൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവരാണ് തിരച്ചില്‍ നടത്തിയത്.

ENGLISH SUMMARY:

The tragic case of Bengaluru woman Vasudha Chakravarthy, who went missing after visiting Kollur Mookambika Temple, has ended with the discovery of her body in the Souparnika River. Police suspect it to be a suicide, though the exact reason remains unknown. Vasudha had traveled to Kollur on August 27 and disappeared after parking her car at a guest house. Her mother filed a missing complaint when she failed to return. Following intensive search operations by police, locals, and rescue teams, her body was found around 3 kilometers away from the suspected spot. The incident has left the temple town and her family in deep shock.