പ്രായപൂര്‍ത്തിയാകാത്ത വളര്‍ത്തുമകളെ വര്‍ഷങ്ങളോളം പലതവണ ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ടാനച്ഛനേയും മൗനസമ്മതം നല്‍കിയതിന് അമ്മയേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ കൂട്ടുപ്രതിയെന്ന് സംശയിച്ചയാളെ കോടതി വെറുതെ വിട്ടു. മണിപ്പൂരിലാണ് സംഭവം. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
ഇന്നലെയാണ് മണിപ്പൂരിലെ അതിവേഗ പ്രത്യേക കോടതി രണ്ടാനച്ഛനേയും അമ്മയേയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. 58 വയസ്സുകാരനായ മോയിരാങ്തെം ഇബോച്ചൗ സിങ്ങിനെ 2012-ലെ പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരവും മോയിരാങ്തെം അംഗോലെയ്മയെ 2012-ലെ പോക്സോ നിയമത്തിലെ സെക്ഷൻ 21 പ്രകാരവും കുറ്റക്കാരെന്ന് കണ്ടെത്തി.
ജസ്റ്റിസ് ആർ.കെ. മെംചാ ദേവി അധ്യക്ഷയായ കോടതിയാണ് വിധി പ്രസ്താവിച്ചത്. വലിയൊരു ക്രൈം നടന്നിട്ടും തടയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്യാതിരുന്നതാണ് അമ്മ ചെയ്ത കുറ്റം. ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസിലെ രണ്ടാമത്തെ പ്രതിയായ 51 വയസ്സുകാരൻ ഹവായ്ബാം മാംഗ്‌ലംജാവോ സിങ്ങിനെ വെറുതെ വിട്ടു. ഹവായ്ബാമിന്റെ ജാമ്യബോണ്ടുകൾ റദ്ദാക്കാനും ഉത്തരവിട്ടു.
2019 ഓഗസ്റ്റിൽ റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിന്നാണ് കേസ് ആരംഭിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി രണ്ടാനച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും അതിക്രമം തുടരുകയായിരുന്നെന്നും കുട്ടി പറയുന്നു.
സാക്ഷിമൊഴികളും, മെഡിക്കൽ റിപ്പോർട്ടുകളും, ഇരയുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു ഇബോച്ചൗ സിങ്ങും അംഗോലെയ്മയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.