Kathua: Damaged road following a cloudburst, in Kathua, Sunday, Aug. 17, 2025. (PTI Photo)(PTI08_17_2025_000025B) *** Local Caption ***
ജമ്മുകശ്മീരിലെ കത്വയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ഏഴുപേര്‍ മരിച്ചു. ഇവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. രണ്ട് വയസിനും 15 വയസിനുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടമാണ് കത്വയില്‍ അനുഭവപ്പെടുന്നത്. കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തില്‍ 60 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തതിന് പിന്നാലെയാണ് കത്വയിലും മിന്നല്‍ പ്രളയം നാശം വിതച്ചത്.
Kathua: Debris and mud accumulated in a residential area following a cloudburst, in Kathua, Sunday, Aug. 17, 2025. (PTI Photo)(PTI08_17_2025_000027B) *** Local Caption ***
പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ ജുത്താന ജോധിലെ ഒരു കുടുംബമപ്പാടെ മണ്ണിനടിയിലായിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയത്ത് തന്നെ ജോധ് ഘാട്ടിയിലും മേഘവിസ്ഫോടനം ഉണ്ടായി. ജോധ്ഘാട്ടിയില്‍ നാലുപേര്‍ മരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ശോഭിത് സക്സേന പറഞ്ഞു. രേണു ദേവി (39) മകള്‍ രാധിക (9), സുര്‍മു ദിന്‍ (30) മക്കളായ ഫാനു (6) ഷേദു (5),താഹു (2), സുല്‍ഫാന്‍ (15) എന്നിവരാണ് മരിച്ചതെന്നാണ് ജില്ലഭരണകൂടം പറയുന്നത്. പരുക്കേറ്റ ആറുപേരെ പത്താന്‍കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. സൈന്യവും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.
പുലര്‍ച്ചെ മൂന്നരയ്ക്കും നാലുമണിക്കുമിടയിലാണ് ദുരന്തമുണ്ടായത്. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ഉജ്, സഹര്‍ നദികള്‍ കരകവിഞ്ഞാണ് ഒഴുകുന്നതെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. ഉജ് നദിയിലാണ് മിന്നല്‍ പ്രളയം ആദ്യമുണ്ടായത്. ഇരച്ചെത്തിയ വെള്ളത്തില്‍ കേന്ദ്രീയ വിദ്യാലയവും പൊലീസ് സ്റ്റേഷനും ഏറെക്കുറെ മുങ്ങി. റെയില്‍വേ ട്രാക്കുകളും റോഡുകളും വെള്ളക്കെട്ടിലാണ്. കത്വയിലെ പൊലീസ് സ്റ്റേഷനുള്ളിലും വെള്ളം കയറി.