ധര്‍മ്മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തില്‍ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍. പരാതിക്കാരനായ മുന്‍ശുചീകരണത്തൊഴിലാളിക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതും അന്വേഷിക്കണമെന്ന് ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു.
സ്കൂള്‍ യൂണിഫോമിലായിരുന്ന കുട്ടിയെ കുഴിച്ചിട്ടെന്നു മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടികാണിച്ച സ്ഥലത്ത് ഇന്നു കുഴിച്ചു പരിശോധിച്ചേക്കും. ഇദ്ദേഹം ചൂണ്ടിക്കാട്ടിയ 13 പോയിന്‍റുകളിലാണ് അന്വേഷണസംഘത്തിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇതില്‍ ഒരിടത്തു നിന്നുമാത്രമാണു സംശയിക്കുന്ന തരത്തിലുള്ള മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ക്ഷേത്രത്തെ അനുകൂലിക്കുന്നവരും പ്രതിപക്ഷമായ ബിജെപിയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി.
ക്ഷേത്രത്തെ തകര്‍ക്കാന്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപിയും ക്ഷേത്രം ഭരണസമിതിയും ആരോപണം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്‍റെ മലക്കംമറിച്ചില്‍. കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. നിലവിലെ അന്വേഷണപുരോഗതി പ്രത്യേക അന്വേഷണ സംഘത്തലവന്‍ പ്രണബ് മൊഹന്തി ആഭ്യന്തരമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയ ശേഷം അടുത്തഘട്ടം തീരുമാനിക്കുമെന്നാണ് ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും വ്യക്തമാക്കിയിരിക്കുന്നത്.