Image Credit: X
ഒഡീഷയിലെ ഗംഗാധര്‍ ഗ്രാമത്തില്‍ ബജ്റങ്ദളിന്‍റെ ആക്രമണത്തിനിരയായതിന്‍റെ നടുക്കം ഇപ്പോഴും കന്യാസ്ത്രീകളെയും വൈദികരെയും വിട്ടുമാറിയിട്ടില്ല. എഴുപതോളം വരുന്ന ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് മര്‍ദനമേറ്റ മലയാളി സിസ്റ്റര്‍ എലേസ മനോരമന്യൂസിനോട് പറഞ്ഞു. അക്രമികള്‍ ബൈബിള്‍ വലിച്ചെറിഞ്ഞുവെന്നും വൈദികരെ മര്‍ദിച്ചുവെന്നും സിസ്റ്റര്‍ പറഞ്ഞു. മൊബൈല്‍ ഫോണടക്കം അക്രമി സംഘം കവര്‍ന്നെടുത്തു. മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഗാധറിലെ കത്തോലിക്കാ കുടുംബത്തിന്‍റെ ആണ്ടുകുര്‍ബാനയ്ക്കെത്തിയ വൈദികരും കന്യാസ്ത്രീകളുമാണ് ഇന്നലെ അക്രമത്തിനിരയായത്. ജലേശ്വർ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. വി. ജോജോ,സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രിഗേഷൻ അംഗങ്ങളായ എലേസ, മോളി, എന്നിവരാണ് ഗംഗാധറിലെത്തിയിരുന്നത്. ഭരണം മാറിയെന്നും ഇനി മതപരിവർത്തനം നടക്കില്ല എന്ന് പറഞ്ഞ് പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു മർദനമെന്നാണ് ആരോപണം.
ഞെട്ടിക്കുന്ന ആക്രമണമാണിതെന്ന് സിബിസിഐ പ്രതികരിച്ചു. വൈദികർക്കും സന്യസ്ഥര്‍ക്കും ഭരണകൂടം സുരക്ഷയൊരുക്കണം. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റോഡ്രിഗസ് മനോരമന്യൂസിനോട് പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ബിജെപിക്കെതിരെ സിറോ മലബാർ സഭ. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരിവാർ സംഘടനകളുടെ തീവ്രനിലപാടുകൾ മൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്ന വർഗീയ സംഘങ്ങൾ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും നീതി ഉറപ്പാക്കുകയും വേണമെന്നും സഭ ആവശ്യപ്പെട്ടു. ഒഡീഷയിലെ ബജ്റങ്ദള്‍ ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം.