വയനാട്ടിലെ പ്രളയബാധികര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളെ ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയ പോര്. സ്വന്തം  ജനങ്ങളേക്കാള്‍ അയല്‍ക്കാരായവര്‍ക്ക് പരിഗണന നല്‍കുന്നു എന്നാണ് പ്രതിപക്ഷമായ ജെഡിഎസിന്‍റെയും ബി.ജെ.പിയുടെയും ആരോപണം. സര്‍ക്കാര്‍ പരാജയമാണെന്നും നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നതായും പ്രതിപക്ഷം ആരോപിച്ചു. 

 

വയനാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വയനാടിന് 20 കോടി രൂപ നല്‍കി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ക്ക് 15 ലക്ഷം രൂപയും നല്‍കി. വയനാട് പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായതിനാലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ജെഡിഎസ് വിമര്‍ശിച്ചു. 

 

മൂന്നു മാസമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശബളം നല്‍കിയിട്ട്. കര്‍ണാടകയില്‍ വളത്തിന് ക്ഷാമമാണ്. യൂറിയ കേരളത്തിലേക്ക് കടത്തുകയാണ്. കോൺഗ്രസ് സർക്കാർ കർണാടകത്തിന് ശാപവും കേരളത്തിന് ഗുണകരവുമാണെന്നും ജെഡിഎസ് വിമര്‍ശിച്ചു.  

 

വയനാട് കർണാടകയുടെ ഭാഗമാണെന്ന ധാരണയിലാണ് സിദ്ധരാമയ്യയെന്ന് ബിജെപി എംഎൽസി എൻ രവികുമാർ പറഞ്ഞു. കര്‍ണാടക സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോൾ അദ്ദേഹം കര്‍ണാടകയ്ക്ക് പണം കൈമാറുകയാണെന്നും രവികുമാർ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പാപ്പാരായി എന്നാണ് ബി.ജെ.പി നേതാവ് ആര്‍. അശോകയുടെ ആരോപണം. 1.17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 834.9 കോടി രൂപയാണ് ശമ്പള ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളതെന്നും അശോക ആരോപിച്ചു. 

 

അതേസമയം, സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കൃഷിമന്ത്രി എന്‍. ചെലവുരയസ്വാമി പറഞ്ഞു. രാസവളപ്രതിസന്ധി ചില ജില്ലകളില്‍ മാത്രമാണെന്നും പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കേരളത്തിലേക്കുള്ള കള്ളക്കടത്തിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Karnataka politics is currently facing criticism over aid provided to Wayanad flood victims. The opposition accuses the government of prioritizing neighboring areas over its own citizens and misusing taxpayer money.