വിവാദങ്ങൾക്ക് ഒടുവിൽ ചൂരൽമല - മുണ്ടക്കൈ ദുരന്ത ബാധിതർക്കായി വയനാട്ടിൽ ആദ്യഘട്ട ഭൂമി ഏറ്റെടുത്ത കോൺഗ്രസ് ലക്ഷ്യമിടുന്നത് മികച്ച സൗകര്യങ്ങളോട് കൂടിയ ടൗൺഷിപ്പ്. മേപ്പാടി പഞ്ചായത്തിൽ 1100 സ്ക്വയർഫീറ്റ് വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.
നിയമക്കുരുക്കുകൾ ഇല്ലാത്ത ഭൂമി മേപ്പാടി പഞ്ചായത്തിൽ തന്നെ വേണം എന്ന ഉറച്ച തീരുമാനമാണ് ഭൂമി ഏറ്റെടുക്കൽ വൈകിപ്പിച്ചത് എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത് സർക്കാർ ടൗൺഷിപ്പിനെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന സൗകര്യങ്ങളാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. എട്ട് സെന്ററിൽ 1100 സ്ക‌്വയർഫീറ്റിലാകും വീടുകളുടെ നിർമാണം ഈ ഭൂമിക്ക് തൊട്ടടുത്തായി രണ്ട് പ്ലോട്ടുകൾ കൂടി വൈകാതെ ഏറ്റെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ആദ്യഘട്ടം വീടുകൾക്ക് തുടക്കമിടാൻ കഴിയുമെന്നാണ് പ്രതീക്ഷ രാഷ്ട്രീയമായി സിപിഎമ്മിന്‍റെ വിമർശനങ്ങൾക്ക് ഇതിലൂടെ മറുപടി പറയാമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. സർക്കാർ ടൗൺഷിപ്പിന് പുറത്തായ ദുരന്തഭീഷണി ഇപ്പോഴും നേരിടുന്ന കുടുംബങ്ങളാകും ലിസ്റ്റിൽ ഉണ്ടാകുക. സർക്കാർ അവഗണനയ്ക്കുള്ള മറുപടി എന്ന നിലയിലാകും ഗുണഭോക്താക്കളെ കണ്ടെത്തുക.