വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് ഫാം ഹൗസിലെ ഗോഡൗണില്‍ വലിച്ചെറിഞ്ഞ സാരി. കേസില്‍ രേവണ്ണയ്ക്ക് ജീവപര്യന്തം വിധിച്ച കോടതി 11 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതിജീവിതയായ സ്ത്രീയുടെ സാരിയാണ് പണം വാരിയെറിഞ്ഞിട്ടും കേസില്‍ പ്രജ്വലിനെതിരെ നിര്‍ണായക തെളിവായി മാറിയത്.
ബലാല്‍സംഗത്തിന് ശേഷം അതിജീവിതയുടെ സാരി പ്രജ്വല്‍ രേവണ്ണ ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം പക്ഷേ ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തത്. ഒരിക്കലും ഇവിടെയെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ കണക്കുകൂട്ടലുകള്‍ പിഴച്ചു.
പ്രജ്വല്‍ ലൈംഗികമായി ഉപദ്രവിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം തേടിയിരുന്നു. അപ്പോഴാണ് താന്‍ സാരി ഉടുത്താണ് നിന്നിരുന്നതെന്നും പ്രജ്വല്‍ അത് ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്നും പിന്നീട് മടക്കി നല്‍കിയില്ലെന്നും ഫാം ഹൗസില്‍ തന്നെ കാണുമെന്നും അവര്‍ വിശദമായ മൊഴി നല്‍കിയത്.തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഫാം ഹൗസില്‍ നിന്ന് സാരി കണ്ടെത്തി. ഇത് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. വിശദമായ പരിശോധനയില്‍ സാരിയില്‍ ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇത് പ്രജ്വലിന്‍റേതാണെന്ന് തെളിയുകയും ചെയ്തു. സാരിയും , അതിജീവിതയുടെ വിശദമായ മൊഴിയും തെളിവായി അന്വേഷണസംഘം ഹാജരാക്കി. ഡിഎന്‍എ ഫലമാണ് പ്രോസിക്യൂഷനെ തുണച്ചതും.
തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നും ബലാല്‍സംഗത്തിനിടെ ചിരിക്കാത്തതിന് മര്‍ദിച്ചുവെന്നും ജെഡിഎസ് വനിതാ നേതാവും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിമാനത്താവളത്തില്‍ വച്ച് പ്രജ്വലിനെ അന്വേഷണ സംഘം പിടികൂടിയത്. നൂറ്റിയിരുപതോളം പേരാണ് പ്രജ്വലിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാന്‍ എത്തിയത്.