**EDS: VIDEO GRAB** Uttarkashi: Houses being swept away in a flash flood triggered by a cloudburst at Dharali, in Uttarkashi district, Uttarakhand, Tuesday, Aug. 5, 2025. (PTI Photo)(PTI08_05_2025_000282B)

ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തിന് കാരണം മേഘവിസ്ഫോടനമല്ലെന്ന് റിപ്പോര്‍ട്ട്. കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തകര്‍ന്നതാണെന്നും അതാണ് മിന്നല്‍ പ്രളയത്തിന് കാരണമായതെന്നും ലഭ്യമായ വിവരങ്ങള്‍ വിലയിരുത്തി ശാസ്ത്രഞ്ജര്‍ പറയുന്നു.  മിന്നല്‍പ്രളയമുണ്ടാകുമ്പോള്‍ പരിമിതമായ മഴയാണ് പ്രദേശത്ത് ലഭിച്ചിരുന്നതെന്നതാണ് മേഘ വിസ്ഫോടനം തന്നെയാണോ ഉണ്ടായതെന്ന സംശയം ആദ്യം ഉയര്‍ത്തിയത്. 

**EDS: COMBO IMAGE; SCREENSHOT VIA THIRD PARTY VIDEOS** Uttarkashi: In this combo of three screenshots, Houses being swept away in a flash flood triggered by a cloudburst at Dharali, in Uttarkashi district, Uttarakhand, Tuesday, Aug. 5, 2025. (PTI Photo)(PTI08_05_2025_000441A)

സംഭവമുണ്ടാകുന്ന 24മണിക്കൂര്‍ സമയപരിധിയില്‍ ഹര്‍സിലില്‍ 6.5 മില്ലീമീറ്ററും ഭട്​വരിയില്‍ 11 മില്ലീ മീറ്ററും മാത്രമാണ്  മഴപെയ്തത്. ഇത് മേഘ വിസ്ഫോടനമുണ്ടായാല്‍ പെയ്യുന്ന മഴയുടെ  അളവിലും വളരെ കുറവാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഉത്തര്‍കാശിയില്‍ ഏറ്റവുമധികം മഴ പെയ്ത ഇടത്ത് പോലും 27 മില്ലീമീറ്ററാണ് പെയ്തതെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്രയും കുറവ് മഴയില്‍ മേഘവിസ്ഫോടനം ഉണ്ടാകില്ലെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ വിശദീകരിക്കുന്നത്. 

ഹിമ തടാകം പൊട്ടിയതോ ഹിമാനി തകര്‍ന്നതോ ആണ് ഉത്തര്‍കാശിയിലെ ദുരന്തത്തിന് വഴിവച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.  ധരാലിക്ക് മേല്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളും ഈ വാദത്തിന് ബലം പകരുന്നു. ധരാലിക്ക് മേല്‍ രണ്ട് വലിയ ഹിമ തടാകങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്ന് ഘീര്‍ ഗാഡ് അരുവിക്ക് മുകളിലാണ്. ധരാലിയിലൂടെയാണ് ഘീര്‍ ഗാഡ് ഒഴുകുന്നത്. ഹിമാനികളും ഹിമ തടാകങ്ങളും പെട്ടെന്ന് തകരുന്നത് അതുഗ്രമായ മിന്നല്‍ പ്രളയത്തിന് കാരണമാകുമെന്നും 2021 ഫെബ്രുവരിയില്‍ ചമോലിയില്‍ സംഭവിച്ചത് ഇതാണെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. 

ഉത്തരാഖണ്ഡില്‍ മാത്രം 1260 ഹിമ തടാകങ്ങളുണ്ടെന്നും ഇതില്‍ ചിലത് വലിയ ഭീഷണി ഉയര്‍ത്താന്‍ പാകത്തിനുള്ളതാണെന്നും വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ 13 ഹിമ തടാകങ്ങളെ അതീവ ഗുരുതരമെന്നും അഞ്ചെണ്ണം അപകടകരമെന്നും ദേശീയ ദുരന്തനിവാരണ സമിതിയും വേര്‍തിരിച്ചിരുന്നു.  മര്‍ദമേറിയ പ്രദേശങ്ങളില്‍ ജലം ഇത്തരത്തില്‍  വന്‍തോതില്‍ ശേഖരിക്കപ്പെടുകയും അത് വന്‍ തോതില്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലെ അപകടങ്ങള്‍ സംഭവിച്ചേക്കാമെന്നും പെരുമഴ മാത്രം പെയ്താല്‍ ഇങ്ങനെ നാശമുണ്ടാകില്ലെന്നും ഉത്തര്‍കാശിയിലെ മുതിര്‍ന്ന ഭൗമശാസ്ത്രജ്ഞന്‍ പീയുഷ് റൗട്ടേല വിശദീകരിക്കുന്നു. 

അതേസമയം, ധരാലിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാലുപേരുടെ മരണമാണ് സ്ഥിരീകരിക്കാനായത്. പത്ത് സൈനികര്‍ ഉള്‍പ്പടെ നൂറിലേറെപ്പേരെയും കാണാതായിട്ടുണ്ട്. നിമിഷനേരം കൊണ്ട് പ്രളയജലം പ്രദേശം വിഴുങ്ങുന്ന ഭീതിദമായ ദുരന്തത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

Glacial lake outburst, not a cloudburst, caused the devastating flash flood in Uttarkashi's Dharali village, scientists report. This incident highlights the significant threat posed by Himalayan glacial lakes, many of which are categorized as critical.