അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയ ധർമ്മസ്ഥലയിൽ ഇന്നും തിരച്ചിൽ തുടരുന്നു. ഏഴാം നമ്പർ സ്പോട്ടിൽ ആണ് ഇന്ന് പരിശോധന. ഇന്നലെ കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങൾ വിശദ പരിശോധനയ്ക്കായി ഇന്നുതന്നെ ബംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കും.
നേത്രാവതി പുഴയുടെ തീരത്ത് ഏഴാം നമ്പർ സ്പോട്ടിൽ രാവിലെ 11 മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്.ഇന്നലത്തെതിന് സമാനമായി ചെറു മണ്ണുമാന്തി യന്ത്രവും വെള്ളം നീക്കാൻ പമ്പ് സെറ്റുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.മേഖല പൂർണമായും ഷീറ്റിട്ട് മറച്ചും വൻ പൊലീസ് സുരക്ഷയിലുമാണ് പരിശോധന പുരോഗമിക്കുന്നത്. ഒന്നും കണ്ടെത്താനായില്ലെങ്കിൽ റോഡിനോട് ചേർന്ന് എട്ടാം നമ്പർ സ്പോട്ടിലേക്ക് പരിശോധന നീങ്ങും.
ഇന്നലെ ഉച്ചയോടെ ആറാം നമ്പർ നിന്നാണ് ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ പൂർണമായും പുറത്തെടുക്കാന്‍ രാത്രി വരെ തിരച്ചിൽ നടന്നു. കണ്ടെത്തിയ 15 അസ്ഥികൂട ഭാഗങ്ങളിൽ അഞ്ചെണ്ണം പല്ല്, ഒരു താടിയല്ല്, രണ്ട് തുടയല്ലെ, ബാക്കി പൊട്ടിയ നിലയിലുള്ള അസ്ഥി ഭാഗങ്ങളുമാണ്. ഇവ ഒരാളുടേതാണോ അതോ പലരുടേതും ആണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ വിശദ പരിശോധനയ്ക്കായി ബംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് മാറ്റും. അതിനിടെ എസ് ഐ ടി തലവൻ പ്രണാബ് മൊഹന്തി ജില്ലയിൽ തന്നെ തുടരുന്നുണ്ട്.