മതപരിവർത്തന ആരോപണത്തെത്തുടര്‍ന്ന് ഛത്തീസ്ഗഡിൽ കുഴിമാടം തുറന്ന് ക്രിസ്തുമത വിശ്വാസിയുടെ മൃതദേഹം പുറത്തെടുത്തു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.സ്വന്തം ഭൂമിയിൽ അടക്കിയ മൃതദേഹമാണ് പുറത്തെടുത്തത്.
ഛത്തീസ്ഗഡിലെ കാംഗറിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 55കാരനായ സോംലാൽ റാത്തോഡ് മരിച്ചത്. അഞ്ച് വർഷമായി വൃക്കരോഗിയായിരുന്നു ആദിവാസി വിഭാഗക്കാരനായ സോംലാൽ റാത്തോഡ്. ക്രിസ്തുമത വിശ്വാസി ആയതിനാൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. എന്നാൽ, പിന്നീട് കണ്ടത് പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ഒരു കൂട്ടം ആളുകളും പരാതി ഉണ്ടെന്നു പറഞ്ഞ് മൃതദേഹം പുറത്തെടുക്കുന്നതാണ്. ശനിയാഴ്ച മരിച്ചു, ഞായറാഴ്ച മൃതദേഹം അടക്കി, തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്തു.
സോംലാൽ റാത്തോഡിന്റെ വീടിനോട് ചേർന്നുള്ള പള്ളിയിലാണ് കഴിഞ്ഞദിവസം ബജ്റംഗ് ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സോംലാൽ റാത്തോഡിന്റെ മൃതദേഹം ഇപ്പോൾ എവിടെയെന്ന് കുടുംബത്തിന് പോലും അറിയില്ല. ഭീഷണി രൂക്ഷമായതോടെ കുടുംബം ഒന്നാകെ ഒളിവിൽ പോകേണ്ട സാഹചര്യമാണെന്നും ആരോപണമുണ്ട്.