Image Credit: instagram.com/noel
ബെംഗളൂരുവിലെ റോഡില്‍ ഗതാഗത തടസമുണ്ടാക്കി വിഡിയോ ചിത്രീകരിച്ച ജര്‍മന്‍ ടിക് ടോക്കര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ നോയല്‍ റോബിന്‍സണെയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തത്. നോയലിനെ പിന്നീട് വിട്ടയച്ചു. കസവുമുണ്ടുടുത്ത് റോഡില്‍ ഡാന്‍സ് കളിച്ച തന്നെ അറസ്റ്റ് ചെയ്ത് തൂക്കിയെടുത്ത് പൊലീസ് കൊണ്ടുപോകുന്നതിന്‍റെ വിഡിയോ നോയല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അനുവാദമില്ലാതെ റോഡില്‍ വിഡിയോ ചിത്രീകരിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞതായി നോയല്‍ വ്യക്തമാക്കി.
വലിയ ആള്‍ക്കൂട്ടമാണ് നോയലിനെ കണ്ട് വഴിയില്‍ തടിച്ചുകൂടിയത്. 15 മിനിറ്റോളം സ്റ്റേഷനില്‍ പിടിച്ച് നിര്‍ത്തിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഇതാദ്യമായാണ് താന്‍ പൊലീസ് സ്റ്റേഷനില്‍ കയറുന്നതെന്നും ജയിലില്‍ അടയ്ക്കുമോ എന്ന് പേടിച്ചു പോയെന്നും പക്ഷേ എല്ലാം സമാധാനമായി അവസാനിച്ചുവെന്നും നോയല്‍ കുറിച്ചു. താന്‍ സുരക്ഷിതനാണെന്നും ഇന്ത്യയോട് സ്നേഹം മാത്രമെന്നും നോയല്‍ കൂട്ടിച്ചേര്‍ത്തു. മുണ്ടുടുത്ത് ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെ നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് നോയലിനെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതെന്ന് വിഡിയോയില്‍ കാണാം.
വിഡിയോ നോയല്‍ പങ്കുവച്ചതിന് പിന്നാലെ നിരവധിപ്പേര്‍ ക്ഷമാപണം നടത്തി. എന്നാല്‍ എല്ലാവരും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കായി ഇളവ് നല്‍കേണ്ട കാര്യമില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ലോകത്ത് ഏത് രാജ്യത്തിനും അവരുടേതായ നിയമങ്ങള്‍ ഉണ്ടെന്നും അത് പാലിക്കണമെന്നും കമന്‍റുകളുണ്ട്. എന്നാല്‍ സോറി പറയേണ്ട കാര്യമില്ലെന്നും ഏത് രാജ്യത്തും ഇത് സംഭവിക്കാം സ്വാഭാവികമാണ് എന്നുമായിരുന്നു കമന്‍റുകളോട് നോയലിന്‍റെ മറുപടി.
തന്‍റെ ഡാന്‍സ് ക്ലാസുകളുടെ പ്രചരണാര്‍ഥമാണ് നോയല്‍ ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വിഡിയോകള്‍ പങ്കിട്ടുതുടങ്ങിയത്. എന്നാല്‍ വളരെപ്പെട്ടെന്ന് ഇവ വൈറലായി. ദശലക്ഷങ്ങള്‍ നോയലിന് ഫോളോവേഴ്സായി. തനത് ശൈലി കൂടിയായതോടെ ലോകമെങ്ങും നോയല്‍ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഫ്രീസ്റ്റൈല്‍ ഡാന്‍സിലാണ് നോയല്‍ ആരംഭിച്ചതെങ്കിലും ഹിപ് ഹോപാണ് ആരാധകരെ നേടിക്കൊടുത്തത്. 2022ല്‍ ആഫ്രോ ഡാന്‍സ് സ്റ്റെപുകള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.