Image Credit: X/AskAnshul
നേഹ കിന്നാര്‍ എന്നപേരില്‍ വര്‍ഷങ്ങളായി രാജ്യത്ത് തങ്ങിയ അബ്ദുള്‍ കലാമിനെ പിടികൂടി പൊലീസ്. നേഹ കിന്നാര്‍ എന്ന പേരില്‍ എട്ടു വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറായി കഴിയുകയായിരുന്നു. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ നിരീക്ഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭോപ്പാലിലെ മംഗൾവാരയില്‍ നിന്നാണ് അറസ്റ്റ്.
പത്താം വയസില്‍ ഇന്ത്യയിലെത്തിയ കലാം മുംബൈയില്‍ വര്‍ഷങ്ങളോളം തങ്ങിയ ശേഷമാണ് ഭോപ്പാലിലെത്തിയത്. ബുധ്വാരയില്‍ പലതവണ വീടുകൾ മാറി താമസിച്ചിരുന്നു കലാം, നേഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി സ്വീകരിച്ച് ബുധ്വാരയിലെ ഹിജ്‌റ സമൂഹത്തിലെ സജീവ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.
വ്യാജരേഖകള്‍ ഉപയോഗിച്ച് ഏജന്‍റുമാരുടെ സഹായത്തോടെ നേഹ കിന്നാര്‍ എന്ന പേരില്‍ ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ചതായും പൊലീസ് കണ്ടെത്തി. ഇന്ത്യയില്‍ താമസിക്കുന്നതിനിടെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് പലതവണ ബംഗ്ലാദേശിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. ഭോപ്പാലിന് പുറമെ നേഹ എന്ന അബ്ദുൾ കലാം പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. മഹാരാഷ്ട്രയിലും ട്രാൻസ്‌ജെൻഡർ പ്രവർത്തനങ്ങളില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജൈവശാസ്ത്രപരമായി ട്രാൻസ്‌ജെൻഡറാണോ അതോ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാൻ ഐഡന്റിറ്റി മറച്ചുവെച്ചതാണോ എന്നറിയാന്‍ വൈദ്യപരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
വ്യാജ തിരിച്ചറിയൽ രേഖകൾ നേടാൻ കലാമിനെ സഹായിച്ച പ്രദേശവാസികളായ യുവാക്കളെ നിലവിൽ ചോദ്യം ചെയ്യുകയാണ്. മൊബൈൽ ഫോണിൽ നിന്നുള്ള കോൾ റെക്കോർഡിംഗുകളും ചാറ്റുകളും പരിശോധിച്ച് ഇത്തരത്തില്‍ കൂടുതല്‍ ബംഗ്ലാദേശ് സ്വദേശികള്‍ രാജ്യത്ത് തങ്ങുന്നതിന്‍റെ സൂചനകളും പൊലീസ് തേടുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നേഹ എന്ന അബ്ദുള്‍ കാലാമിനെ നാടുകടത്തും.