Image: X, @KamalaHarris
അഞ്ചുവയസുകാരനെ തടവിലാക്കിയ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധം. മിനസോട്ടയിലെ പ്രീ സ്കൂളില്‍ നിന്നും വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. അച്ഛനേയും തടവിലാക്കിയതായി സ്കൂള്‍ അധികൃതരും അഭിഭാഷകനും വ്യക്തമാക്കി. കുടിയേറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടിയെന്നാണ് സൂചന.
മിനിയാപ്പലിസ് മേഖലയില്‍ നിന്നും സമീപത്തുനിന്നുമായി ഫെഡറല്‍ ഏജന്റുമാര്‍ തടവിലാക്കിയ നാലാമത്തെ വിദ്യാര്‍ഥിയാണിത്. ടെക്സസിലെ തടങ്കല്‍ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം സ്കൂളില്‍ നിന്നും വീട്ടിലേക്ക് എത്തിയ ലിയം കോനെഹോ റാമോസിനെ കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പിടികൂടിയതെന്ന് സ്കൂള്‍ വക്താവ് സീന സ്റ്റന്‍വിക് പറയുന്നു. വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ കുട്ടിയോട് വീടിന്‍റെ വാതില്‍ മുട്ടാന്‍ ആവശ്യപ്പെട്ടു. കുട്ടിയെ ആയുധമാക്കി ഉപയോഗിക്കുന്നതുപോലെ തോന്നിയെന്നും സീന പറയുന്നു.
അതേസമയം കുട്ടിയുടെ അമ്മയോട് വീടിന്‍റെ വാതില്‍ തുറക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. 2024മുതല്‍ യുഎസില്‍ താമസിക്കുന്ന കുടുംബത്തിന്‍റെ പേരില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യം വിടാനുള്ള ഉത്തരവൊന്നും ലഭിച്ചിരുന്നില്ല. എന്തിനാണ് വെറും അഞ്ചുവയസ് മാത്രമുള്ള കുഞ്ഞിനെ തടവിലാക്കിയതെന്നും അത് കുട്ടിയുടെ മാനസികാവസ്ഥയെ എങ്ങിനെ ബാധിക്കുമെന്ന് അധികൃതര്‍ പരിശോധിച്ചിട്ടുണ്ടോ എന്നും സ്കൂള്‍ അധികൃതരും കുടുംബവും ചോദിച്ചു.
അതേസമയം കുട്ടിയെ ലക്ഷ്യം വച്ചിരുന്നില്ലെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഒപ്പം നില്‍ക്കുകയായിരുന്നെന്നും ഡിപ്പാര്‍ട്ട്മെന്റ് വക്താക്കള്‍ പറയുന്നു. കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം തടവില്‍ പാര്‍പ്പിക്കണോ അതോ അടുത്ത ബന്ധുക്കള്‍ക്ക് കൈമാറണോയെന്ന് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മിനസോട്ട മേഖലയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്. കഴിഞ്ഞ ആറു ആഴ്ചകള്‍ക്കിടെ മിനസോട്ടയിൽ ഏകദേശം 3,000 പേരെയാണ് കുടിയേറ്റ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതെന്ന് നടപടിക്ക് നേതൃത്വം നല്‍കുന്ന യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥനായ ഗ്രെഗ് ബോവിനോ പറയുന്നു. ലിയം റാമോസ് ഒരു അഞ്ചുവയസുകാരനാണെന്നും ആ കുഞ്ഞിനെ വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ വൈസ് പ്രസിഡ്റ് കമലാ ഹാരിസ് എക്സില്‍ പോസ്റ്റ് ചെയ്തു. ഒട്ടേറെഡെമോക്രാറ്റിക് നേതാക്കള്‍ ഇമിഗ്രേഷന്‍ വകുപ്പിന്‍റെ നടപടിക്കെതിരെ രംഗത്തുവന്നു.