crpf-attack-kanvar-yathra

ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിൽ സിആര്‍പിഎഫ് ജവാന് കന്‍വാര്‍ തീര്‍ഥാടകരുടെ ക്രൂര മര്‍ദനം. ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജവാനും തീര്‍ഥാടകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ഏഴ് തീര്‍ഥാടകരെ അറസ്റ്റ് തെയ്തു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാവി വസ്ത്രം ധരിച്ച തീർത്ഥാടകർ ജവാനെ നിലത്ത് വീഴ്ത്തുന്നതും കൂട്ടം കൂടി അടിക്കുന്നതും ചവിട്ടുന്നതും കാണാം. ചുറ്റും കൂട്ടം കൂടി നിന്ന യാത്രക്കാരില്‍ ഒരാള്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. ബ്രഹ്മപുത്ര മെയിലില്‍ കയറാൻ എത്തിയ സംഘമാണ് ജവാന് നേരെ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിഡിയോ പ്രചരിച്ചതോടെ നിരവധിപേരാണ് രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) നടപടിയെടുക്കുകയും. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിന് ശേഷം ഏഴ് അക്രമികളെയും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

ശ്രാവണ മാസം പിറന്നാല്‍ ഗംഗാ ഘട്ടുകളില്‍നിന്ന് ശിവ ക്ഷേത്രങ്ങളിലേക്ക് ഗംഗാജലവുമായി നടത്തുന്ന തീര്‍ഥാടനയാത്രയാണ് കാന്‍വാര്‍ യാത്ര. ഋഷികേശ്, ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബീഹാറിലെ അജ്ഗൈവിനാഥ്, സുൽത്താൻഗഞ്ച് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതല്‍ കന്‍വാരികളെത്തുന്നത്. ഗംഗയിൽ സ്നാനം ചെയ്ത് മുള തണ്ടുകളില്‍ കെട്ടിയ കുടങ്ങളില്‍ ജലം ശേഖരിച്ച് ചുമലിലേറ്റിയാണ് യാത്ര.

ENGLISH SUMMARY:

A shocking incident occurred at the Mirzapur railway station in Uttar Pradesh, where a CRPF jawan was brutally beaten by a group of Kanwar pilgrims following a dispute reportedly over train ticketing. Viral footage on social media shows the jawan being thrown to the ground, kicked, and assaulted by a mob dressed in saffron attire. The incident sparked widespread outrage, leading to the arrest of seven individuals. The Railway Protection Force has registered a case and launched an investigation into the matter.