captain-air-india-wsj-report
  • വിവാദ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ AAIB
  • റിപ്പോര്‍ട്ട് കോക്​പിറ്റിലെ സംഭാഷണം അടിസ്ഥാനമാക്കി
  • ജീവന്‍ നഷ്ടപ്പെട്ടത് 260 പേര്‍ക്ക്

അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിന് കാരണമായ എയര്‍ഇന്ത്യ വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ഇന്ധന സ്വിച്ച് ഓഫാക്കിയതിനാലെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്. കോക്പിറ്റില്‍ നിന്നുള്ള സന്ദേശത്തെ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. അതേസമയം, വാള്‍സ്ട്രീറ്റ് ജേണലിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യയോ AAIBയോ ഇതുവരെ തയാറായിട്ടില്ല. 

ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, ക്ലൈവ് കുന്ദറും (Image: X)

ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, ക്ലൈവ് കുന്ദറും (Image: X)

കോക്​പിറ്റിലേതായി പുറത്തുവന്ന സംഭാഷണങ്ങളില്‍ ' എന്തിനാണ് ഇന്ധന സ്വിച്ച് കട്ടോഫ് ചെയ്തത്' എന്ന് പൈലറ്റുമാരില്‍ ഒരാള്‍ ചോദിക്കുന്നതായും 'ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന്' ഒപ്പമുണ്ടായിരുന്ന ആള്‍ മറുപടി നല്‍കിയതായും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതാരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. അഹമ്മദാബാദില്‍ നിന്ന് പറന്നുയരുമ്പോള്‍ ഫസ്റ്റ് ഓഫിസറായിരുന്ന ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നതെന്നും ഇദ്ദേഹമാണ് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് എന്തിനാണ് ഇന്ധന സ്വിച്ച് കട്ടോഫ് ചെയ്തതെന്ന് ചോദിച്ചതെന്നുമുള്ള തരത്തിലാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരിചയ സമ്പന്നനായ സുമീത് സബര്‍വാള്‍ 15,638 മണിക്കൂറും ക്ലൈവ് 3403 മണിക്കൂറും വിമാനം പറത്തിയിട്ടുള്ളവരാണ്. 

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്‍റെ ഇന്ധന സ്വിച്ച് റണില്‍ നിന്നും നിമിഷ നേരം കൊണ്ട് കട്ടോഫിലേക്ക് മാറിയെന്നും തിരികെ ഓണ്‍ ആയെങ്കിലും വിമാനം അപ്പോഴേക്കും അപകടത്തില്‍പ്പെടുവെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇന്ധന സ്വിച്ച് ഓഫായതോടെ വിമാനത്തിന് ത്രസ്റ്റ് നഷ്ടപ്പെടുകയും കൂപ്പുകുത്തുകയുമായിരുന്നു. ഈ സമയത്ത് വിമാനത്തിന്‍റെ റാറ്റ് പുറത്ത് വന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.


FILE PHOTO: A firefighter stands next to the crashed Air India Boeing 787-8 Dreamliner aircraft, in Ahmedabad, India, June 13, 2025. REUTERS/Adnan Abidi/File Photo

FILE PHOTO: A firefighter stands next to the crashed Air India Boeing 787-8 Dreamliner aircraft, in Ahmedabad, India, June 13, 2025. REUTERS/Adnan Abidi/File Photo

അതേസമയം, അപകടം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വിമാനത്തിന്‍റെ ഇന്ധന സ്വിച്ച് റണ്‍ പൊസിഷനിലാണ് കണ്ടിരുന്നത്.  വിമാനത്തിന് മെക്കാനിക്കല്‍ തകരാറുകള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്​ബെലും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിമാന ദുരന്തമുണ്ടായി ഒരുമാസം പൂര്‍ത്തിയായപ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിമാനത്തിന്‍റെ ഇന്ധന സ്വിച്ചുകള്‍ സുരക്ഷിതമാമെന്ന് വ്യക്തമാക്കി യുഎസ് ഫെഡറല്‍ ഏവിയേഷനും ബോയിങും പ്രത്യേകം കുറിപ്പുകള്‍ പുറത്തിറക്കിരുന്നു. 

AAIB റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരെ ബലിയാടാക്കുകയാമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നതെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും വ്യോമയാനമന്ത്രിയും അഭ്യര്‍ഥിച്ചു. റിപ്പോര്‍ട്ടിന് പിന്നാലെ ബോയിങ് 787–8 വിമാനങ്ങളില്‍ എയര്‍ ഇന്ത്യ ഇന്നലെയോടെ ഇന്ധന സ്വിച്ച് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ലോക്കിങ് സംവിധാനങ്ങളില്‍ തകരാറുകള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY:

A Wall Street Journal report claims Captain Sumeet Sabharwal switched off the fuel during the Ahmedabad Air India crash, which killed 260. Analyzing cockpit conversations, the report suggests a pilot asked why the fuel switch was cut off, a question attributed to First Officer Clive Kundra.